കുരുക്കഴിയാതെ വൈറ്റില; ഭൂമി ഏറ്റെടുക്കാൻ പരിശോധന നടത്തും
text_fieldsകൊച്ചി: വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടരയേക്കർ ഭൂമിയേറ്റെടുക്കാൻ പരിശോധന നടത്തും. കമീഷണര്‍ നാഗരാജു ചക്കില്ലം അവതരിപ്പിച്ച പ്രൊജക്ടിലാണ് ഈ നിർദേശമുണ്ടായിരുന്നത്. ഏതാണ്ട് രണ്ടേക്കര്‍ ഭൂമി വൈറ്റില ജങ്ഷനില്‍ തന്നെ ഏറ്റെടുക്കേണ്ടതായി വരും. ഇതിന് സര്‍ക്കാർ സഹായം വേണം. പദ്ധതിയോട് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും മറ്റ് വകുപ്പുകളും യോജിച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പരിശോധനക്ക് ശേഷം വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും.
ഗതാഗതക്കുരുക്ക് കുറക്കാൻ പെട്ടന്നുള്ള നടപടിയും പൊലീസ് നിർദേശിച്ചു. ഇതുപ്രകാരം ട്രാഫിക് ഐലൻഡിലെ കുറെയധികം ഭാഗം പൊളിച്ചു നീക്കണം. ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണം. ട്രാഫിക് സിഗ്നലിങ്ങിലും മാറ്റം വരുത്തണം. ഇതെല്ലാം ഉന്നതാധികാര കേന്ദ്രങ്ങളില്‍നിന്നും അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതിക്ക് വേണ്ടി തുടര്‍നടപടി നഗരസഭ സ്വീകരിക്കും.
ദേശീയപാത അതോറിറ്റിക്ക് ഇതു സംബന്ധിച്ച് മേയറും എം.പിയും കത്ത് നല്‍കും. ദീര്‍ഘകാല പദ്ധതിയെ സംബന്ധിച്ച പരിശോധന ദേശീയപാത അതോറിറ്റിയും നടത്തും. ഹ്രസ്വകാലത്തേക്ക് ട്രാഫിക് സിഗ്നലിങ് മാറ്റണമെങ്കില്‍ സ്മാര്‍ട്ട് സിറ്റിയുടെ സഹായം കൂടി ആവശ്യമാണ്.
സ്മാര്‍ട്ട് സിറ്റിയില്‍നിന്നും ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് മേയര്‍ ഉറപ്പുനല്‍കി. ഹ്രസ്വകാല പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിശദമായ പഠനം ഫീല്‍ഡില്‍ നടത്താന്‍ വൈറ്റില പ്രദേശത്തെ അഞ്ച് കൗണ്‍സിലര്‍മാരെയും ട്രാഫിക് പൊലീസിനെയും മറ്റ് വകുപ്പുകളെയും സംയുക്തമായി യോഗം ചുമതലെപ്പടുത്തി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു വ്യാഴാഴ്ച സ്ഥല പരിശോധനയും യോഗവും. പൊലീസിനു വേണ്ടി കമീഷണര്‍ നാഗരാജു ചക്കില്ലം രണ്ട് ഭാഗങ്ങളുള്ള വിശദമായ ഒരു പ്രോജക്ട് തയാറാക്കി അവതരിപ്പിച്ചു.
മേയർ എം. അനിൽകുമാർ, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ. പി.ടി. തോമസ്, സബ്കലക്ടര്‍ ഹാരിസ് റഷീദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്സണ്‍, കൗണ്‍സിലര്‍മാരായ സോണി ജോസഫ്, മേഴ്സി, സി.ഡി. ബിന്ദു, ദിപിന്‍ ദിലീപ്, സക്കീര്‍ തമ്മനം എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.