തരൂരിനെച്ചൊല്ലി കോൺഗ്രസിൽ കല്ലുകടി
text_fieldsകൊച്ചി: ജില്ലയിൽ ശശി തരൂരിന് ലഭിക്കുന്ന പിന്തുണയിൽ നേതാക്കൾക്കിടയിൽ നീരസം. ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന ഗോശ്രീ സമര സമാപനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കാതിരുന്നതാണ് പാർട്ടിയിൽ ഏറ്റവും ഒടുവിലെ പ്രതിസന്ധി. വൈപ്പിനിൽനിന്നുള്ള ബസുകൾക്ക് എറണാകുളം നഗരത്തിൽ പ്രവേശനം ആവശ്യപ്പെട്ട് രണ്ടു ദിവസമായി നടന്ന സമരപരിപാടിയിൽ കെ. മുരളീധരനും ശശി തരൂരും അടക്കം പ്രധാന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു.
നാരങ്ങനീര് നൽകി നിരാഹാര സമരപരിപാടിയുടെ സമാപനം നിശ്ചയിച്ചിരുന്നത് വി.ഡി. സതീശനെ പങ്കെടുപ്പിച്ചായിരുന്നു. എന്നാൽ, അവസാന നിമിഷം സതീശൻ ഒഴിഞ്ഞുമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം.എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ മുതൽ ഹൈബി ഈഡൻ ശശി തരൂരിനൊപ്പമാണ്.
എറണാകുളത്തെ പ്രബല സമുദായ സംഘടനയുടെ സംസ്ഥാനതല പരിപാടി അടക്കം പലപരിപാടികളിലും ശശി തരൂരിന്‍റെ സാന്നിധ്യവും അദ്ദേഹത്തിന് ജില്ലയിൽ ലഭിക്കുന്ന സ്വീകാര്യതയിലും ഹൈബി ഈഡൻ നൽകുന്ന പിന്തുണ വലുതാണ്. പ്രഖ്യാപിത പരിപാടി ഇല്ലാതെയാണ് ഹൈബിയുടെ സമരപ്പന്തലിൽ ശശി തരൂർ എത്തിയത്. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതും ഇവിടെ വെച്ചാണ്.
വൈപ്പിൻ മണ്ഡലത്തിൽ മത്സരിക്കാൻ ശശി തരൂരിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി. ഡോണോ വേദിയിൽ സംസാരിക്കുകയും ചെയ്തു. ശശി തരൂർ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈബിയും പരസ്യമായി പറഞ്ഞു. ഇക്കാരണങ്ങളാലാണ് വി.ഡി. സതീശൻ ഹൈബിയുടെ സമര പ്പന്തലിൽ എത്താതിരുന്നതെന്ന വ്യാഖ്യാനം പാർട്ടി പ്രവർത്തകർക്കിടയിൽ വ്യാപകമാണ്.
എന്നാൽ, കഴിഞ്ഞ കുറെ ദിവസമായി നിരന്തര പരിപാടികളായിരുന്നതിനാൽ വി.ഡി. സതീശന് സംസാരിക്കാനുള്ള പ്രയാസം ഉണ്ടെന്നും വൈപ്പിനിലെ സമരപ്പന്തലിൽ എത്തി വെയിൽകൊണ്ട് ആരോഗ്യം കൂടുതൽ വഷളാകുമെന്നതിനാൽ താൻ അടക്കമുള്ളവർ പറഞ്ഞിട്ടാണ് അദ്ദേഹം സമര പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.