നെട്ടൂരില്‍ ഗോഡൗണിനു തീപിടിച്ച് വന്‍ നാശ നഷ്ടം
text_fieldsമരട്: നെട്ടൂരില്‍ ഗോഡൗണിനു തീപിടിച്ച് വന്‍ നാശ നഷ്ടം. നെട്ടൂര്‍ 23-ാം ഡിവിഷനിലെ ജൂബിലി റോഡില്‍ നിയോ ക്രാഫ്റ്റ് എന്ന സൈന്‍ ബോര്‍ഡ് നിര്‍മാണ സ്ഥാപനത്തിന്‍റെ ഗോഡൗണിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ തീപിടുത്തമുണ്ടായത്.
തീപിടിത്തത്തില്‍ ഓഫിസും ഗോഡൗണിന്‍റെ പുറത്തുണ്ടായിരുന്ന ജനറേറ്ററും ഒരു ബൈക്ക്, ലേസര്‍ പ്രിന്റിങ്ങ് മെഷീന്‍, കംപ്യൂട്ടര്‍ തുടങ്ങി സ്ഥാപനത്തിന്‍റെ ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു.
സ്ഥാപനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങള്‍ സമീപവാസികള്‍ നീക്കം ചെയ്തതിനാല്‍ തീപിടിച്ചില്ല. വൈറ്റില കടവന്ത്ര സ്വദേശി വര്‍ഗീസിന്‍റെ ഉടമസ്ഥയിലുള്ള സ്ഥാപനം ഏഴ് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്ന് ഉടമ വര്‍ഗീസ് പറഞ്ഞു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ അപകട സമയത്ത് അവിടെ ഉണ്ടായിരുന്നെങ്കിലും തീപിടിച്ചയുടനെ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന സൈന്‍ ബോര്‍ഡുകളും, മറ്റു നിര്‍മ്മാണ സാമഗ്രികളും പൂര്‍ണ്ണമായും കത്തി നശിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് തൃപ്പൂണിത്തുറ, കടവന്ത്ര, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.