മാലിന്യ സംസ്കരണ പദ്ധതി: ഫോർട്ട്കൊച്ചിയിൽ സമര വേലിയേറ്റം
text_fieldsമട്ടാഞ്ചേരി: ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് കനത്ത പൊലീസ് കാവലിൽ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് സമീപം പഴയ പത്തായതോട് നികത്തിയ പ്രദേശത്ത് മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനവാസ കേന്ദ്രത്തിൽ മാലിന്യ പ്ലാൻറ് അനുവദിക്കില്ല, ഉദ്യോഗസ്ഥ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തി.
ലോബോ കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് എഫ്.ഐ.ടി.യു കാറ്ററിങ് തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് പി.എസ്. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. ആഷിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ കൊച്ചി, ഗസൽ റഫീഖ് ,ജാസ്മിൻ സിയാദ് എന്നിവർ സംസാരിച്ചു.
പ്ലാൻറിനായുള്ള മണ്ണുപരിശോധന നടക്കവെ പൊലീസിെൻറ കണ്ണുവെട്ടിച്ച് സുരക്ഷക്കായി സ്ഥാപിച്ച ബാരിക്കേഡുകൾ ചാടി കടന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ പദ്ധതി പ്രദേശത്ത് എത്തി മുദ്രാവാക്യം വിളിച്ചു.
നൂറുകണക്കിന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സമരക്കാർ പദ്ധതി പ്രദേശത്ത് എത്തിയതോടെ പൊലീസുകാരും ഞെട്ടി. ഓടി കൂടിയ പൊലീസുകാർ ഇവരെ പിടികൂടാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. പിന്നീട് പൊലീസ് പ്രതിഷേധക്കാരായ മണ്ഡലം വൈസ് പ്രസിഡൻറ് നവാസ് കല്ലറക്കൽ,നിഷാദ്, കെ.എം.ഷാജി ,സി.എം. സിയാദ് എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.
മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോബോ ജങ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസുകാർ ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് സമരം ജില്ല ട്രഷറർ എൻ.കെ. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ.എസ്. നാസർ, എ.എ.ഷമീർ, യൂനസ് കൊച്ചങ്ങാടി, വി.എ ഉമ്മർ കുട്ടി ,ഫവാസ് തങ്ങൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.