സ്റ്റാൻഡിലെ വെള്ളക്കെട്ട്; കെ.എസ്.ആർ.ടി.സിക്ക് പരാതിയില്ലേ -ഹൈകോടതി
text_fieldsകൊച്ചി: എറണാകുളം സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെടാത്തതെന്തുകൊണ്ടെന്ന് ഹൈകോടതി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ടിന് ശമനമുണ്ടായപ്പോഴും കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഇതിന് അപവാദമായിരുന്നു. എന്നാൽ, ഈ വെള്ളക്കെട്ടിൽ അവർക്ക് ഒരു പരാതിയുമില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
നഗരത്തിൽ എം.ജി റോഡിലുൾപ്പെടെ ഇത്തവണ വെള്ളക്കെട്ടുണ്ടായില്ലെന്നും പൊതുവേ സ്ഥിതി മെച്ചപ്പെട്ടെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. കമ്മട്ടിപ്പാടത്ത് വെള്ളം കയറിയെങ്കിലും അധികം വൈകാതെ താഴ്ന്നു. തേവര - പേരണ്ടൂർ കനാൽ ശുചീകരിച്ചതാണ് ഇതിന് കാരണം. അതേസമയം, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുള്ളിലാണ് വെള്ളക്കെട്ടുണ്ടായതെന്നും യാത്രക്കാർക്ക് നിൽക്കാനാവാത്ത സ്ഥിതിയാണെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. വെള്ളക്കെട്ടുണ്ടായാൽ പമ്പു ചെയ്ത് കളയാനാവുമോയെന്ന് പരിശോധിക്കുകയാണെന്നും വിശദീകരിച്ചു.
പി ആൻഡ് ടി കോളനിക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള കെട്ടിട നിർമാണം വൈകുന്നതിനെ കോടതി വീണ്ടും വിമർശിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
എന്നാൽ, വാട്ടർ ടാങ്കിന്റെയടക്കം ജോലികൾ പൂർത്തിയാകാനുണ്ടെന്നും ജൂലൈ പത്തിനകം കെട്ടിടനിർമാണം പൂർത്തിയാക്കുമെന്നും കരാറുകാർ അറിയിച്ചു. മുല്ലശ്ശേരി കനാൽ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ വാട്ടർ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. ഇറിഗേഷൻ വകുപ്പും കരാറുകാരും തമ്മിൽ ചില തർക്കങ്ങളുണ്ടെന്നാണ് ഇതുസംബന്ധിച്ച് അമിക്കസ് ക്യൂറി നൽകിയ വിശദീകരണം.
കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനുസമീപത്തെ റോഡുകൾ തകർന്ന നിലയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇടപ്പള്ളി മുതൽ കണ്ടെയ്നർ ടെർമിനൽ റോഡുവരെയുള്ള ഭാഗത്തെ ദേശീയപാതയുടെ തകർച്ച കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ഇത് പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.