വാട്ടർ മെട്രോ ജെട്ടി ചീനവലക്ക് മരണമണിയോ?
text_fieldsചിലപ്പോൾ ചീനവല വലിക്കാൻ തൊഴിലാളികൾക്കൊപ്പം വിദേശികളും തട്ടിൽ കയറുന്നതും കാണാം. പക്ഷേ, ഈ കാഴ്ചക്ക് ഇനി എത്ര ആയുസ്സെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. ഫോർട്ട്കൊച്ചിയിലെ കൊച്ചി വാട്ടർ മെട്രോ ജെട്ടിയുടെ നിർമാണം ചീനവലകൾക്ക് മരണമണിയാകുമോ എന്നതാണ് ആശങ്ക.
കായലിലേക്ക് ഇറക്കി നിർമിക്കുന്ന വാട്ടർ മെട്രോയുടെ ജെട്ടിക്ക് അനുബന്ധമായി കൂറ്റൻ കെട്ടിടവും പണിയുന്നുണ്ട്. 20,000 ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് നിർമാണം. ജെട്ടിക്ക് വേണ്ടി കൊച്ചിയുടെ ചരിത്രത്തിന്റെ ഭാഗമായ, ബ്രിട്ടീഷുകാർ നിർമിച്ച കരിപ്പുര, ലോറൻസ് ക്ലബ് എന്നിവ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പൊളിച്ചുമാറ്റി. പണി പുരോഗമിക്കുമ്പോൾ നിലവിലെ ആറ് ചീനവലകളിൽ മൂന്നെണ്ണം മാറ്റേണ്ടി വരുമെന്ന് മുൻ മേയർ കെ.ജെ. സോഹൻ അടക്കമുള്ള പൈതൃക സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു.
ചരിത്ര നിർമിതികൾ പൊളിച്ചുമാറ്റരുതെന്ന് സംസ്ഥാന ആർട്സ് ആൻഡ് ഹെറിറ്റേജ് കമീഷൻ വിലക്കിയിരുന്നെങ്കിലും നിർമാണവുമായി മെട്രോ അധികൃതർ മുന്നോട്ടുപോയി. കേരള മുനിസിപ്പാലിറ്റി ബിൽഡിങ് റൂൾസ് 154 പ്രകാരം സർക്കാർ രൂപവത്കരിച്ച കമീഷനാണ് ഇത്. ഓരോ പ്രദേശത്തിന്റെയും ചരിത്ര പൈതൃകം സംരക്ഷിക്കാൻ ചുമതലയുള്ള ഈ കമീഷനെ മറികടന്നാണ് നിർമാണം. ആകെയുള്ള ആറ് വലകളുടെ ഇടയിലാണ് പുതിയ കെട്ടിടം ഉയരുക. കായലിലേക്ക് നീട്ടി ജെട്ടി പണിയുന്നതിനാൽ ചീനവലകൾക്ക് കുഴപ്പമുണ്ടാകില്ലെന്ന് അധികൃതർ പറയുമ്പോൾതന്നെ കെട്ടിടത്തിനുവേണ്ടി മണ്ണ് പരിശോധനക്കെത്തിയ ബോട്ട് ഒരു വലയിൽ തട്ടി കേടുപാടുണ്ടായി. കഴിഞ്ഞ ദിവസം കപ്പൽച്ചാലിലൂടെ പോകവെ മണ്ണുമാന്തിക്കപ്പൽ നിയന്ത്രണം തെറ്റി ഒരു ചീനവലയിൽ ഇടിക്കുകയും ചെയ്തു. മാത്രമല്ല, കെട്ടിടത്തിന് പൈലിങ് നടത്തുമ്പോൾ ചീനവലകൾ തകർന്നുവീഴുമോയെന്ന ആശങ്കയും തൊഴിലാളികൾ പങ്കുവെക്കുന്നു. ബോട്ടുകൾ തുടരെ വരുമ്പോൾ മീനുകൾ അഴിമുഖതീരം വിടുമെന്നതും അവഗണിക്കാനാകില്ല.
വാട്ടർ മെട്രോ അനിവാര്യമാണെങ്കിലും ചീനവലകൾക്ക് നടുവിൽ പുതിയ ജെട്ടിയുടെ ആവശ്യമില്ലെന്നും പഴയ ജെട്ടി വികസിപ്പിച്ചാൽ മതിയാകുമെന്നാണ് ആർക്കിടെക്ചറൽ ഹെറിറ്റേജ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ കെ.ടി. രവീന്ദ്രൻ പറയുന്നത്. ബോട്ട് ജെട്ടിക്ക് സമീപം ചീനവലകൾ പ്രവർത്തിക്കുന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നിലവിൽ തന്നെ മീൻ ലഭ്യത കുറഞ്ഞ സ്ഥിതിയിൽ ബോട്ടുജെട്ടി കൂടിവരുമ്പോൾ ചീനവലകൾ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. ചീനവലകൾ മാറ്റിസ്ഥാപിക്കുന്നതും എളുപ്പമല്ല. ചീനവലകളുടെ പെരുമ മനസ്സിലാക്കിക്കൊണ്ടുള്ള വികസനമാണ് വേണ്ടത്; അത് പൈതൃകം നശിപ്പിച്ചുകൊണ്ടാകരുത്.
ചീനവലകളുടെ തനിമ ചോരുന്നു
തേക്കുതടിയിൽ തയാറാക്കുന്ന കൊച്ചിയിലെ ചീനവലകൾ ഏറെ വലുതാണ്. മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ബ്രാസ് നിർമിക്കാൻ ഒമ്പതുമീറ്റർ നീളമുള്ള തേക്കുതടികളാണ് വേണ്ടത്. നിലവിൽ ആ വലുപ്പത്തിലുള്ള തടികൾ കിട്ടാറില്ല. ആറര മീറ്ററിൽ കൂടുതൽ നീളമുള്ള തടികൾ വെട്ടാൻ നിയമപരമായി തടസ്സവുമുണ്ട്. ആയതിനാൽ ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇത് ചീനവലകളുടെ സൗന്ദര്യം ഇല്ലാതാക്കുന്നു. അറ്റകുറ്റപ്പണിക്ക് ഭീമമായ തുക ചെലവ് വരുന്നതിനാൽ, പലരും ചെറിയ തുക ചെലവാക്കി തകരാർ പരിഹരിക്കുകയാണ്. ഇതും ചീനവലകളുടെ തനിമ നഷ്ടപ്പെടുത്തുന്നു.
നാളെ: പരിമിതികൾക്ക് നടുവിൽ ചീനവല ഉടമകളും തൊഴിലാളികളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.