ആശ്വാസ തീരങ്ങളിലൂടെ അവരുടെ വാട്ടർ മെട്രോ യാത്ര
text_fieldsകൊച്ചി: നവ്യാനുഭവമായി ആശ്വാസ തീരങ്ങളിലൂടെ അവരുടെ വാട്ടർ മെട്രോ യാത്ര. ആ യാത്രയിൽ കാഴ്ച പരിമിതയായ അറുപതുകാരി മകളെ ചേർത്തു പിടിച്ച് കായൽ കാഴ്ചകൾ കാണിച്ച് കൊടുക്കുമ്പോൾ 92 കാരി പാറുക്കുട്ടിയമ്മയുടെ മുഖത്ത് വിവരണാതീതമായ സന്തോഷം കാണാമായിരുന്നു. ലോക മാനസികാരോഗ്യ ദിനത്തിൽ കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രത്തിലെ സഹോദരങ്ങൾക്കായാണ് വാട്ടർ മെട്രോയിൽ യാത്ര സംഘടിപ്പിച്ചത്.
സെറിബ്രൽ പാൾസി ബാധിതയായ ഷൈമോളും പ്രിയയും നേത്തേതന്നെ സൈഡ് സീറ്റ് പിടിച്ചിരുന്നു. കായൽ കരയിലെ കാഴ്ചകൾ ഇരുവർക്കും വലിയ സന്തോഷമാണ് സമ്മാനിച്ചത്. വീൽചെയറിൽ ഇരുന്നാണെങ്കിലും വിനായകനും തങ്കമ്മയുമൊക്കെ പാട്ടുപാടി യാത്ര ആസ്വദിച്ചു.
കൊച്ചി മെട്രോയുടെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. മാനസിക സാമൂഹിക പുനരധിവാസ കേന്ദ്രത്തിലെ 60 പേരാണ് യാത്രയിൽ പങ്കെടുത്തത്. വാട്ടർ മെട്രോ ഭിന്നശേഷി സൗഹൃദമായതിനാൽ യാത്ര തീർത്തും പ്രയാസരഹിതമായിരുന്നു. രാവിലെ 11ന് വൈറ്റിലയിൽനിന്ന് ആരംഭിച്ച് കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽ പോയി തിരികെ വൈറ്റിലയിൽ എത്തുന്ന രീതിയിൽ ആയിരുന്നു യാത്ര. അസി.കലക്ടർ ഹർഷിൽ ആർ. മീണ യാത്ര ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ വർണങ്ങൾ മങ്ങിപ്പോയവർക്ക് അവിസ്മരണീയ അനുഭവങ്ങൾ പകരുന്ന പീസ് വാലിയെ അദ്ദേഹം അഭിനന്ദിച്ചു. വാട്ടർ മെട്രോ ചീഫ് ഓപറേറ്റിങ് ഓഫിസർ സാജൻ ജോൺ, പീസ് വാലി ഭാരവാഹികളായ കെ.എച്ച്. ഹമീദ്, രാജീവ് പള്ളുരുത്തി, ഫാറൂഖ് കരുമക്കാട്ട്, ഇ.എ. ഉസ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.