ഒരുവശത്ത് വെള്ളം, മറുവശത്ത് ചതുപ്പ്; കാഞ്ഞിരമറ്റം-പുത്തന്‍കാവ് റോഡിൽ അപകടക്കെണി
text_fieldsകാഞ്ഞിരമറ്റം: ഒരുവശത്ത് വെള്ളം, മറുവശത്ത് ചതുപ്പ് ഇതാണ് കാഞ്ഞിരമറ്റം-പുത്തന്‍കാവ് റോഡിന്റെ അവസ്ഥ. എതിര്‍ദിശയില്‍ വരുന്ന രണ്ടു വാഹനങ്ങളില്‍ ഒന്ന് വലുതാണെങ്കില്‍ സൈഡ് ഒതുക്കി കൊടുക്കുന്ന വാഹനത്തിന്റെ ടയര്‍ ചതുപ്പില്‍ പൂണ്ടുപോകുന്നതാണ് സ്ഥിതി. ഇത്തരത്തില്‍ രണ്ടു മാസത്തിനുള്ളില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ പത്തിലധികം വരും.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് റോഡിന്റെ മധ്യഭാഗത്ത് തന്നെ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. എന്നാല്‍, മാസങ്ങളോളം ഈ കുഴിയില്‍ ചാടി നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുപറ്റിയിട്ടും അപകടങ്ങള്‍ സംഭവിച്ചിട്ടും അധികൃതര്‍ക്ക് ഒരു അനക്കവുമുണ്ടായില്ല. നിരവധി പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള ചീത്ത വിളികളുമൊക്കെ ഉയര്‍ന്നപ്പോള്‍ മെറ്റല്‍പ്പൊടി വിതറി റോഡിലെ ഏറ്റവും വലിയ കുഴി നോക്കി അടച്ചു. ടാറില്ലാതെ മെറ്റല്‍പ്പൊടി മാത്രമായി വിതറിയതിനാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ആ ഭാഗത്ത് കുഴി രൂപപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് ഈ റോഡ്. തടി കയറ്റി വന്ന കൂറ്റന്‍ ലോറി എതിര്‍ദിശയില്‍ വന്ന വാഹനത്തിന് അരിക് കൊടുക്കുന്നതിനിടെ ടയര്‍ ചതുപ്പില്‍ പൂണ്ട് മറിഞ്ഞിരുന്നു. വീതി കുറഞ്ഞ റോഡായതിനാല്‍ രാത്രികാലങ്ങളില്‍ വാഹനങ്ങൾ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുന്നതും പതിവാണ്. മില്‍മ പാലുമായി പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് വെള്ളത്തില്‍ വീണതും അടുത്തിടെയാണ്. കഴിഞ്ഞ തിങ്കളാഴ്ച നിയന്ത്രണം വിട്ട കാറിടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് തലക്ക് പരിക്കേറ്റിരുന്നു.
മില്ലുങ്കല്‍ തോടിനോട് ചേര്‍ന്നുള്ള റോഡരികിലെ ഇരുമ്പുവേലികള്‍ തുരുമ്പെടുത്ത് നശിച്ചിട്ട് വര്‍ഷങ്ങളായി. കാടുപിടിച്ച് ഇവിടുത്തെ വഴിവിളക്ക് പോലും മൂടിയ സ്ഥിതിയാണ്. 2019 ല്‍ ജലസേചനവകുപ്പില്‍നിന്ന് 15 ലക്ഷം രൂപ മുടക്കിയാണ് മില്ലുകള്‍ തോട് നവീകരണവും ഇരുമ്പുവേലി നിർമാണവും നടത്തിയത്. ലക്ഷങ്ങള്‍ വെള്ളത്തിലായതല്ലാതെ ഇപ്പോള്‍ മുമ്പത്തേക്കാളും ദുരിതപൂര്‍ണമാണ് സ്ഥിതി.
മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മില്ലുങ്കല്‍ തോട് നവീകരണം, മഴവില്‍ പാലം, നടപ്പാത തുടങ്ങി നിരവധി വാഗ്ദാനങ്ങൾ പറഞ്ഞിരിക്കുന്നതെങ്കിലും കാത്തിരിപ്പ് നീളുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും കരിങ്കല്‍ കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയും നിലവിലെ വീതിയില്‍ റോഡ് നവീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് പറഞ്ഞു. നിരവധി തവണ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ സര്‍ക്കാര്‍ തലത്തില്‍ ആവശ്യം ഉന്നയിച്ചെങ്കിലും നടപടിയായില്ലെന്നും വരുന്ന ബജറ്റില്‍ തുക അനുവദിക്കാന്‍ ആവശ്യപ്പെടുമെന്നും അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.