കൊച്ചി നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി; റോഡ് ഇടിഞ്ഞുതാണു
text_fieldsകൊച്ചി: നഗരത്തിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞു താഴ്ന്നു. എറണാകുളം തമ്മനം-പാലാരിവട്ടം റോഡിൽ സംസ്കാര ജങ്ഷന് അടുത്ത് സെന്റ്. ജോൺസ് പള്ളി സെമിത്തേരിക്ക് സമീപം റോഡിലാണ് പൈപ്പ് പൊട്ടിയത്. വൈകീട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം.
ശബ്ദത്തോട് കൂടി പൈപ്പ് പൊട്ടുകയും വലിയ ഗർത്തം രൂപപ്പെടുംവിധം റോഡ് ഇടിഞ്ഞ് താഴുകയുമായിരുന്നു.ആലുവയിൽ നിന്നുള്ള പ്രധാന ലൈനിലെ 700 എം.എം വിതരണ പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കമുള്ള പൈപ്പിൽ മർദം കൂടിയതാണ് കാരണമെന്നാണ് വിലയിരുത്തൽ.
റോഡിലേക്ക് വെള്ളം കുത്തിയൊലിച്ച് ഒഴുകിയതോടെ സമീപത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. വർഷങ്ങളോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് തകർന്നതോടെ ഇതുവഴി ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സമീപത്തെ രണ്ട് വീടുകളിൽ വെള്ളം കയറി.
റോഡിലൂടെ വലിയ തോതിൽ വെള്ളം പരന്ന് ഒഴുകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയത്. റോഡ് പൂർണമായി തകർന്നതോടെ ഇതുവഴി ഗതാഗതം നിർത്തിവെച്ചു.നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ദിവസം കുടിവെള്ള വിതരണം മുടങ്ങും. പൊന്നുരുന്നി, വെണ്ണല, പാലാരിവട്ടം,ഇടപ്പള്ളി, ചളിക്കവട്ടം, വൈറ്റില, കടവന്ത്ര തുടങ്ങിയ മേഖലകളിലാണ് കുടിവെള്ള വിതരണം മുടങ്ങാൻ സാധ്യത. വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന്റെ അളവ് കുറയാനും സാധ്യതയുണ്ട്. ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന വലിയ പൈപ്പാണ് പൊട്ടിയത്.
ഇതോടെ റോഡിലെ മണ്ണ് ഇടിയുകയായിരുന്നു. ഏതാനും മാസം മുൻപ് ഇതേ പാതയിൽ ഒന്നര കിലോമീറ്റർ അകലെ മറ്റൊരിടത്തും പൈപ്പ് പൊട്ടിയിരുന്നു. സമാന രീതിയിലാണ് വ്യാഴാഴ്ചയും പൈപ്പ് പൊട്ടിയത്. ജല അതോറിറ്റി, പൊലീസ്, ജനപ്രതിനിധികൾ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ ഉദ്യോഗസ്ഥർ വിലയിരുത്തി. വെള്ളിയാഴ്ച രാവിലെയോടെ പണി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നീണ്ടുപോയാൽ കുടിവെള്ള വിതരണം വീണ്ടും വൈകും. പൈപ്പിന്റെ കാലപ്പഴക്കമാണ് തുടർച്ചയായി പൊട്ടലിന് വഴിവെക്കുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.