വെള്ളക്കെട്ട്: അടിയന്തര നടപടിക്ക് ഹൈകോടതി നിർദേശം
text_fieldsകൊച്ചി: കൂടുതൽ ശക്തമായ മൺസൂൺ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടിക്ക് ഹൈകോടതി നിർദേശം.
കലക്ടറും കോടതി നിയോഗിച്ച സമിതിയും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. മുല്ലശ്ശേരി കനാലിലടക്കം നടക്കുന്ന നവീകരണ പ്രവർത്തനം ലക്ഷ്യം കാണാത്തത് ജനത്തെ ബുദ്ധിമുട്ടിക്കാനിടയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തീകരിക്കാനായിട്ടില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരിൽനിന്ന് വിവരം തേടി കലക്ടറും സമിതിയും അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് കായലിലേക്ക് ഡ്രെയിനേജ് കനാൽ നിയമിക്കാനുള്ള പദ്ധതിക്ക് ഇപ്പോഴാണ് ഭരണാനുമതിയായത്. ഈ സംവിധാനം സംബന്ധിച്ച് 2023 തുടക്കം മുതൽ ശിപാർശയുള്ളതാണ്. അനുമതി നൽകാൻ ഇത്ര വൈകിയതെന്തിനെന്ന് മനസ്സിലാകുന്നില്ല. സൗത്ത്, കെ.എസ്.ആർ.ടി.സി മേഖലയിലെ വെള്ളക്കെട്ടിനടക്കം പരിഹാരം കാണാവുന്ന ഒറ്റമൂലിയാണ് പദ്ധതി. ഇതിന്റെ ജോലികൾ ആരംഭിക്കാൻ എന്ന് അനുമതിയാകുമെന്ന് കലക്ടർ അറിയിക്കണം. ഹൈകോടതിക്കടുത്ത് നടപ്പാക്കുന്ന വെള്ളക്കെട്ട് ലഘൂകരണ പദ്ധതിക്ക് ഭരണാനുമതി ആയെങ്കിലും തുടങ്ങാനായില്ലെന്ന് സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇതിനനുവദിച്ച തുക തിരിച്ചു നൽകുകയോ പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടിവരുമെന്നും വ്യക്തമാക്കി. എന്നാൽ, സമയബന്ധിതമായി തീർക്കേണ്ട സുപ്രധാന പദ്ധതിക്ക് നീക്കിവെച്ച തുക ഇതുവരെ മടക്കി നൽകിയിട്ടില്ലെങ്കിൽ തിരിച്ചു നൽകുന്നതും പുനഃക്രമീകരിക്കുന്നതും മറ്റൊരു ഉത്തരവുവരെ കോടതി വിലക്കി.
കൊച്ചിയിലെ വെള്ളക്കെട്ട് നിവാരണത്തിന് കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച സക്കർ കം സക്ഷൻ മെഷീൻ അറ്റകുറ്റപ്പണിക്ക് മാറ്റിയിരിക്കുകയാണെന്ന് അമിക്കസ് ക്യൂറിമാർ അറിയിച്ചു. ഈ വർഷം ലഭ്യമാകുമോയെന്ന് ഉറപ്പില്ലെന്നും അറിയിച്ചു. മെഷീൻ ലഭ്യമാക്കാനാവുമോയെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം മറുപടി നൽകാൻ കോർപറേഷന് കോടതി നിർദേശം നൽകി.
കഴിഞ്ഞ വർഷത്തേത് പോലെ റെയിൽവേ കൽവെർട്ടുകൾ മികച്ച രീതിയിൽ വൃത്തിയാക്കാനുള്ള നടപടികൾ സംബന്ധിച്ച് കോടതി കേന്ദ്ര സർക്കാറിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ കലക്ടറും സമിതിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കാനും നിർദേശിച്ചു.
കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി വീണ്ടും മേയ് 24ന് സമാന ഹരജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.