എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട്; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ കലക്ടറുടെ നേതൃത്വത്തിലെ കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി.
കക്കൂസ് മാലിന്യം തള്ളിയതായി അമിക്കസ് ക്യൂറി അറിയിച്ച പുഞ്ചത്തോട് ഉടൻ വൃത്തിയാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അങ്കണവാടി ഉൾപ്പെട്ട 48-ാം വാർഡിൽപ്പെടുന്ന മേഖലയാണ് വൃത്തിയാക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഉത്തരവ്.
പുഞ്ചത്തോടിൽ കക്കൂസ് മാലന്യമടക്കം തള്ളുന്നതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. മറ്റിടങ്ങളിലും ഇതാണ് അവസ്ഥ. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഫലപ്രദമായ നടപടി സ്വീകരിക്കാനാകുന്നില്ലെന്ന് കോർപറേഷനും വിശദീകരിച്ചു. ഇക്കാര്യത്തിൽ പൊലീസിന്റെ സഹായം ആവശ്യമാണെന്നും അറിയിച്ചു. തുടർന്നാണ് കോടതി ഉത്തരവുണ്ടായത്.
പുഞ്ചത്തോട് വൃത്തിയാക്കുന്ന കാര്യത്തിൽ ജില്ല കലക്ടറുടെ മേൽനോട്ടം ഉണ്ടാകണം. ആവശ്യമെങ്കിൽ പൊലീസ് സഹായം ലഭ്യമാക്കണം. രണ്ടാഴ്ചക്കകം നടപടികൾ പൂർത്തിയാക്കുകയും വേണം. ആരെങ്കിലും കക്കൂസ് മാലിന്യമടക്കം പുഞ്ചത്തോട്ടിൽ നിക്ഷേപിച്ചാൽ കർശന നടപടി സ്വീകരിക്കണം.
കർശന നടപടി ഉണ്ടാകുമെന്ന ബോർഡ് പുഞ്ചത്തോടിന്റെ തീരത്ത് വെക്കുകയും ക്യാമറ സ്ഥാപിക്കുകയും വേണം. കക്കൂസ് മാലിന്യം ശേഖരിച്ച് നശിപ്പിക്കുന്നതിന് ‘മൈ കൊച്ചി’ ആപ്പ് ഉപയോഗിക്കാനാകുമോ എന്നത് അറിയിക്കാൻ കോടതി നിർദേശം നൽകി. കക്കൂസ് മാലിന്യം ശേഖരിക്കുന്ന വാഹനങ്ങൾ പ്രത്യേകമായ സംവിധാനത്തിലൂടെ നിയന്ത്രിക്കുന്നതും പരിഗണിക്കണം. ഇക്കാര്യങ്ങളിൽ വിശദീകരണത്തിന് കൊച്ചി നഗരസഭ സമയം തേടി.
മുല്ലശേരി കനാലിലെ വാട്ടർ അതോറിറ്റിയുടെ ജോലികൾ നവംബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് വാട്ടർ അതോറിറ്റിയും കക്കൂസ് മാലിന്യം തോടിലടക്കം ഇടുന്നത് തടയാൻ പൊലീസ് സഹായം ലഭ്യമാക്കാമെന്ന് സർക്കാറും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.