മഴയുടെ ശക്തി കുറഞ്ഞു, ജാഗ്രത തുടരും
text_fieldsകൊച്ചി: തോരാമഴയില്ലെങ്കിലും ജില്ലയിൽ ഇടക്കിടെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയും കാറ്റുമുണ്ടാകുന്നുണ്ട്. 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിന് മഴക്കൊപ്പം സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇടക്കിടെ അറിയിപ്പുകളും നൽകിയിരുന്നു. വരുംദിവസങ്ങളിലും മഴ തുടരുമെന്ന വിവരം ജാഗ്രത തുടരേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. എറണാകുളത്ത് വെള്ളിയാഴ്ച രാവിലെ മുതൽ ശക്തമായ മഴ ലഭിച്ചു. അതുവരെയുണ്ടായിരുന്ന കാലാവസ്ഥ അപ്പാടെ മാറി ഇരുണ്ടുമൂടി ശക്തമായ മഴ പെയ്യുകയായിരുന്നു. മഴയുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറുവരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 26.1 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച കാറ്റിലും മഴയിലും ഒരു വീടിന് ഭാഗിക നാശം സംഭവിച്ചു.
ഓപറേഷൻ ബ്രേക് ത്രൂ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും
നഗരത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപറേഷന് ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാൻ തീരുമാനം. കലക്ടർ എന്‍.എസ്.കെ. ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്തു. മുല്ലശ്ശേരി കനാൽ നവീകരണം ഉൾപ്പെടെയുള്ള പദ്ധതികൾ പൂര്‍ത്തിയാക്കാന്‍ മേയർ എം. അനിൽകുമാർ ഇറിഗേഷൻ വകുപ്പിന് നിര്‍ദേശം നല്കി. മുല്ലശ്ശേരി കനാല്‍ റോഡുപണി ആരംഭിച്ചതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പ്രതിനിധി അറിയിച്ചു.
കമ്മട്ടിപ്പാടം ബണ്ട് മഴ തീരുന്ന മുറക്ക് പൂര്‍ത്തിയാക്കും. ഹൈകോടതി ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികള്‍ക്ക് ടെന്‍ഡര്‍ നല്കി. മഴവെള്ളം മംഗളവനത്തിലൂടെ ഒഴുക്കിവിടാനാണ് പദ്ധതി.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല
അതിശക്തമായ മഴയേയും കാറ്റിനെയും തുടർന്ന് അടച്ചിട്ട മലയാറ്റൂർ വനം ഡിവിഷനു കീഴിലുള്ള കാലടി മഹാഗണിത്തോട്ടം, ഭൂതത്താൻകെട്ട്, പാണിയേലി പോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല.
റെയിൽവേ കലുങ്കുകളിലെ മാലിന്യം: ഡിവിഷനൽ മാനേജറിൽനിന്ന് മറുപടി ലഭിച്ചില്ല
റെയിൽവേയുടെ അധീനതയിലുള്ള 34 കലുങ്കുകളിൽ മാലിന്യം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം റെയില്‍വേക്കാണെന്ന് മേയർ വ്യക്തമാക്കി. പുറമെനിന്നുള്ളവർ വൃത്തിയാക്കുമ്പോൾ തകരാറുകളോ അപകടങ്ങളോ സംഭവിച്ചാൽ ആര് ഉത്തരവാദിത്തം വഹിക്കുമെന്ന് മേയർ ആരാഞ്ഞു. കലുങ്ക് വൃത്തിയാക്കുന്നതു സംബന്ധിച്ച് റെയില്‍വേ ഡിവിഷനൽ മാനേജര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും റെയിൽവേ പ്രതിനിധി അറിയിച്ചു. പി ആൻഡ് ടി കോളനിയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച മുണ്ടന്‍വേലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സബ്കമ്മിറ്റിയെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടും എസ്റ്റിമേറ്റും കലക്ടര്‍ക്ക് നല്‍കാനും അംഗീകാരം നല്കുന്ന മുറക്ക് കോര്പറേഷൻ ഫണ്ടിൽനിന്ന് തുക അനുവദിച്ച് പണി നടത്തണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനം എടുക്കാമെന്ന് മേയർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിൽ വെള്ളം കയറുന്നത് പരിഹരിക്കാൻ ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്റ്റാന്‍ഡിനുള്ളിലെ തറനിരപ്പ് രണ്ടടി ഉയര്‍ത്താൻ പദ്ധതിയായി. ഇതിനായി 58 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത്, സ്മാര്‍ട്ട് സിറ്റി, പൊലീസ്, മെട്രോ റെയിൽ, റവന്യൂ, റെയിൽവേ, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.