കാലവർഷം: ചെല്ലാനം തീരം ആഹ്ലാദത്തിൽ; ഒപ്പം ആശങ്കയിലും
text_fieldsപള്ളുരുത്തി: കാലവർഷം പടിവാതിക്കൽ എത്തിനിൽക്കെ ചെല്ലാനം തീരനിവാസികൾക്ക് ഇത് ആഹ്ലാദത്തിന്റെയും ഒപ്പം ആശങ്കയുടെയും നാളുകൾ. കടലേറ്റം ചെറുക്കാൻ ആവിഷ്കരിച്ച ആധുനിക ടെട്രാപോഡ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായപ്പോൾ കടലാക്രമണ ഭീതി നേരിട്ടിരുന്ന തെക്കൻ ചെല്ലാനം നിവാസികൾ ആഹ്ലാദത്തിലാണ്.
ചെല്ലാനം ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.32 കിലോ മീറ്ററാണ് ആദ്യ ഘട്ടത്തിൽ ടെട്രാപോഡ് കടൽ ഭിത്തി നിർമിച്ചിരിക്കുന്നത്.
പദ്ധതി പൂർത്തീകരിച്ച മേഖലയിൽ കടൽക്ഷോഭം രൂക്ഷമായാലും പ്രദേശവാസികൾക്ക് ഭയക്കേണ്ട ആവശ്യമില്ല.
മേഖലയിൽ പുലിമുട്ടിന്റെയും തീരദേശ നടപ്പാതയുടെയും നിർമാണം പുരോഗമിക്കുകയാണ്. 2022 ജനുവരിയിലാണ് ടെട്രാപോഡ് നിർമാണം ആരംഭിച്ചത്. 2022 ജൂണിൽ കാലവർഷമെത്തിയപ്പോൾ തന്നെ പദ്ധതിയുടെ ഗുണം കണ്ടു. ഈ കാലയളവിനുള്ളിൽ 2.76 ലക്ഷം കല്ലുകളും 32,500 ടെട്രാപോഡുകളും സ്ഥാപിച്ചത് കടലാക്രമണത്തിന്റെ രൂക്ഷത കാര്യമായി കുറച്ചു. 2023 ജൂണിൽ ടെട്രാപോഡിന്റെ ഒന്നാംഘട്ട നിർമാണം പൂർത്തിയാകുന്നതോടെ മേഖലയിലെ കടലാക്രമണ ഭീതി തന്നെ ഇല്ലാതാക്കിയിരിക്കയാണ്. പദ്ധതിയോട് അനുബന്ധമായുള്ള തീരദേശ നടപ്പാത സഞ്ചാരികളെ ആകർഷിക്കുന്ന നിർമിതിയായതിനാൽ തീരവാസികൾക്ക് ടൂറിസം വഴിയുള്ള വരുമാനത്തിനുള്ള വകയുമായി ഈ നടപ്പാത മാറുകയാണ്.
എന്നാൽ, വടക്കൻ മേഖലയായ പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി ബീച്ച് റോഡ് വരെയുള്ളവരുടെ ആശങ്ക വിട്ടുമാറിയിട്ടില്ല. പുത്തൻതോട് മുതൽ സി.എം.എസ് വരെയുള്ള പ്രദേശത്തെ രണ്ടാം ഘട്ട ടെട്രാപോഡ് നിർമാണത്തിന് 320 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.
നവംബറിൽ രണ്ടാം ഘട്ടം കടൽഭിത്തി നിർമാണം ആരംഭിക്കുമെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്. വടക്കൻ ചെല്ലാനം മേഖലയിൽ പതിവിലും ശക്തമായി കടലേറ്റം ബാധിക്കുമോയെന്നതാണ് തീരവാസികൾ ആശങ്കപ്പെടുന്നത്.
കഴിഞ്ഞ മഴക്കാലത്ത് കൊച്ചി നഗരസഭ പരിധിയിൽ പെടുന്ന സൗദി മേഖലയിൽ രൂക്ഷമായ കടൽകയറ്റം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.