അശരണരായ വയോ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്
text_fieldsകരുമാല്ലൂർ: അശരണരും വാർധക്യ സഹജ രോഗപീഡകൾ കൊണ്ട് പ്രയാസത്തിലായവരുമായ വയോ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്ത് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്. പെരുമ്പാവൂർ കണ്ടന്തറയിൽ താമസിക്കുന്ന മുഹമ്മദ് (85), ഭാര്യ ബീവി (75) എന്നിവരെയാണ് ട്രസ്റ്റ് ഏറ്റെടുത്തത്. മുഹമ്മദ് കിടപ്പു രോഗിയാണ്. ഭാര്യ ബീവി പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടവരുമാണ്. ഇത് കാരണം കിടപ്പുരോഗിയായ ഭർത്താവിനെ പരിചരിക്കാൻ ബീവിക്ക് സാധിക്കുന്നില്ല.
രണ്ടു പേർക്കും സംരക്ഷണവും ചികിത്സയും ആവശ്യമായ സാഹചര്യത്തിലാണ് കണ്ടന്തറ ജുമാമസ്ജിദ് അധികൃതർ വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിനെ ബന്ധപ്പെടുന്നത്.
ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കി വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ് ഇവരെ ഉടനെ തന്നെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും സ്ഥാപനത്തിൽ എത്തിച്ചത്. കിടപ്പുരോഗിയായ മുഹമ്മദിന്റെ ശരീരത്തിലെ വ്രണങ്ങളിൽ ഉറുമ്പ് അരിക്കുന്ന അവസ്ഥയായിരുന്നു. വൃദ്ധസദനത്തിൽ പ്രവേശിപ്പിച്ച ഉടൻ ഇവർക്ക് ആവശ്യമായ പരിചരണവും ചികിത്സയും ആരംഭിച്ചു.
ട്രസ്റ്റിന് കീഴിലെ വൃദ്ധസദനത്തിൽ ആണ് ഇരുവരും ഇപ്പോൾ ഉള്ളത്. ഇതു കൂടാതെ ട്രസ്റ്റിന് കീഴിൽ മാനസിക രോഗികൾക്കുള്ള അഭയ കേന്ദ്രവും സ്ത്രീകൾക്കുള്ള അഭയ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെടുന്ന ജനങ്ങൾക്ക് എന്നും ഒരു ആശ്രയമാണ് വെളിയത്തുനാട് പ്രവർത്തിക്കുന്ന വെൽഫെയർ അസോസിയേഷൻ ട്രസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.