ഇടക്കൊച്ചിയിൽ വീണ്ടും തണ്ണീർത്തടം നികത്തുന്നു
text_fieldsപള്ളുരുത്തി: ഇടക്കൊച്ചി മേഖലയിൽ ഭൂമാഫിയ വീണ്ടും സജീവമാകുന്നു. കണ്ണങ്ങാട്ട് പാലത്തിന് സമീപം ഇന്ദിരാഗാന്ധി റോഡിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന തണ്ണീർത്തടമാണ് നികത്തുന്നത്.
ഡാറ്റാ ബാങ്കിലുൾപ്പെട്ട തണ്ണീർത്തടമായതിനാൽ തരം മാറ്റാൻ അനുമതി നിഷേധിച്ച സ്ഥലമാണിത്. ഒരേക്കറോളം വരുന്ന തണ്ണീർത്തടത്തിന്റെ കുറെയേറെ ഭാഗം നിലവിൽ നികത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസ് തുറക്കുന്നതിന് മുമ്പും അടച്ചതിനുശേഷവുമാണ് ഇവിടെ നികത്തൽ നടത്തുന്നത്. ഭൂമാഫിയ സംഘങ്ങളുടെ അകമ്പടിയോടെയാണ് പൂഴിമണൽ നിറച്ച ലോറി തണ്ണീർത്തടത്തിന് സമീപം എത്തിക്കുന്നത്. നികത്തുന്നത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പ്രദേശവാസികൾ പറയുന്നു. വലിയ ടോറസിൽ തണ്ണീർത്തടത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പൂഴിമണൽ നിറച്ച ലോറി എത്തിച്ചശേഷമാണ് നിക്ഷേപിക്കുന്നത്. രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നേരിടുന്ന പ്രദേശമാണിത്. തണ്ണീർത്തടം നികത്തിയാൽ വെള്ളക്കെട്ട് ഗുരുതരമാകുമെന്ന് നാട്ടുകാർ പറയുന്നു .
നികത്തിയ തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നികത്തൽ നടക്കുമ്പോൾ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകുമെങ്കിലും തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. നികത്തിയ തണ്ണീർത്തടം പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ഗ്രീൻ കൊച്ചി പ്രസിഡന്റ് വി.കെ. അരുൺകുമാർ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.