വാട്സ് ആപ് അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതി
text_fieldsകാക്കനാട്: സംസ്ഥാനത്തു വ്യാപകമായി വാട്സ് ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്സ് ആപിൽ നിന്നു ധനസഹായ അഭ്യർഥന നടത്തി പണം തട്ടുന്നു. കൊച്ചിയുൾപ്പെടെ സൈബർ പൊലീസിനു നൂറു കണക്കിനു പരാതികൾ. ഒരാളുടെ വാട്സ് ആപ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ് ആപ് നമ്പറുകൾ തുടർന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സ് ആപിലേക്ക് ആറക്ക നമ്പർ വന്നിട്ടുണ്ടാകുമെന്നും അയച്ചു നൽകുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്സ് ആപ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യർഥനയെന്നതിനാൽ പലരും ഇതിനു തയാറാകും. ഈ ഒ.ടി.പി നമ്പർ പറഞ്ഞു കൊടുക്കുന്നതോടെ വാട്സ് ആപ് ഹാക്ക് ആകും. ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ട അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നു കയറാൻ തട്ടിപ്പുകാർക്കു വളരെ വേഗം കഴിയും. മാത്രമല്ല, വാട്സ് ആപ് മുഖേന പങ്കുവെക്കപ്പെടുന്ന വ്യക്തിപരമായ മെസേജുകളിലേക്കും ചിത്രങ്ങൾ, വിഡിയോ എന്നിവയിലേക്കുമെല്ലാം തട്ടിപ്പുകാർക്ക് ആക്സസ് ലഭിക്കും. സഹായ അഭ്യർഥനക്ക് പുറമേ ബ്ലാക്ക് മെയിൽ ഉൾപ്പെടെ പ്രശ്നങ്ങൾക്കും ഇതു വഴിവെക്കാമെന്ന് സൈബർ പൊലീസ് പറയുന്നു.
തട്ടിപ്പു തിരിച്ചറിഞ്ഞ് ഇര ‘തന്റെ വാട്സ് ആപ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പു മെസേജ് ഗ്രൂപ്പുകളിലും പരിചയക്കാർക്കും ഷെയർ ചെയ്താലും ഈ മെസേജ് തട്ടിപ്പുകാർ തന്നെ ഡിലീറ്റ് ചെയ്യുന്നുവെന്ന പ്രശ്നവും കണ്ടെത്തിയിട്ടുണ്ട്. അപരിചിതരുടെ മാത്രമല്ല, പരിചിതരുടെ നമ്പറുകളിൽ (കുടുംബാംഗങ്ങൾ ഉൾപ്പെടെ) നിന്നുൾപ്പെടെ ഒ.ടി.പി നമ്പറുകൾ പറഞ്ഞു കൊടുക്കണമെന്ന ആവശ്യവുമായി വരുന്ന മെസേജുകൾക്കു ഒരു കാരണവശാലും മറുപടി നൽകരുതെന്നു പൊലീസ് മുന്നറിയിപ്പു നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.