രണ്ടാം ദിവസവും രണ്ട് സെക്രട്ടറിമാർ, നാടകീയത അവസാനിക്കാതെ തൃക്കാക്കര
text_fieldsകാക്കനാട്: രണ്ടാം ദിവസവും രണ്ട് സെക്രട്ടറിമാർ അണിനിരന്നപ്പോൾ നാടകീയത അവസാനിക്കാതെ തൃക്കാക്കര നഗരസഭ. ഒറിജിനൽ മുനിസിപ്പൽ സെക്രട്ടറി ആരെന്ന കാര്യത്തിൽ നഗരസഭ ഭരണസമിതി തീരുമാനമെടുത്തെങ്കിലും ഇത് വിലപ്പോകില്ലെന്ന നിലപാടിലാണ് സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറി ബി. അനിൽകുമാർ. അതേസമയം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ അന്തിമ ഉത്തരവ് വരുംവരെ അധ്യക്ഷയുടെയും ഭരണ സമിതിയുടെയും ആശീർവാദേത്താടെ സ്ഥാനം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേരത്തേ മുതലുള്ള സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ. മാസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നാലെ ഉദ്യോഗസ്ഥർ തമ്മിലുള്ള തല്ല്കൂടി വന്നതോടെ വീണ്ടും വിവാദക്കയത്തിലാണ് തൃക്കാക്കര നഗരസഭ.
ചൊവ്വാഴ്ചയാണ് തൃക്കാക്കരയിൽ അധികാര വടംവലി ആരംഭിച്ചത്. സിനിമാകഥയെ വെല്ലും വിധം രണ്ട് സെക്രട്ടറിമാരും ഔദ്യോഗിക കാബിനിൽ മുഖാമുഖം ഇരുന്നു. താനാണ് യഥാർത്ഥ സെക്രട്ടറി എന്ന് ഇരുവരും വാദിച്ചതോടെ മറ്റു ജീവനക്കാരും കൗൺസിലർമാരും വെട്ടിലായി. ഫയലുകൾ ആരെക്കൊണ്ട് ഒപ്പിടീക്കണം എന്ന ആശയക്കുഴപ്പത്തിലായി ഇവർ.
തുടർന്ന് ബുധനാഴ്ച ഭരണസമിതി നിലപാട് വ്യക്തമാക്കി. നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന് വേണ്ടി മുനിസിപ്പാലിറ്റി സൂപ്രണ്ട് തയാറാക്കിയ കത്തിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ അന്തിമ വിധിയോ മറ്റൊരു സർക്കാർ ഉത്തരവോ വരും വരെ സെക്രട്ടറിയുടെ സകല അധികാരങ്ങളും കൃഷ്ണകുമാറിന് നൽകാനാണ് തീരുമാനം. മുഴുവൻ കൗൺസിലർമാർക്കും ജീവനക്കാർക്കും ഇതേ നിർദേശം നൽകി. അതേ സമയം ഈ കത്തിന് നിയമസാധുത ഇല്ലെന്നും തനിക്ക് ബാധകമാകില്ലെന്നുമാണ് അനിൽകുമാറിെൻറ വാദം.
ബുധനാഴ്ച കൃഷ്ണകുമാർ സെക്രട്ടറിയുടെ കാബിനിലും അനിൽ കുമാർ സൂപ്രണ്ടിെൻറ കാബിനിലും ഇരുന്നതിനാൽ തർക്കങ്ങളും ആക്ഷേപങ്ങളും ഒഴിവായി. അതേസമയം ഒരാൾ ഒപ്പിട്ട ഫയൽ മറ്റേയാൾ റദ്ദാക്കാൻ സാധ്യത ഉള്ളതിനാൽ ഇരുവർക്കും ഫയലുകൾ ഒപ്പിടാൻ നൽകിയില്ല എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.