നഗരം വെള്ളത്തിലാകുമോ; മുൻകൂട്ടി അറിയാൻ സംവിധാനം
text_fieldsകൊച്ചി: മഴപെയ്താൽ വെള്ളത്തിലാകുന്ന നഗരത്തിലെ സ്ഥിതിക്ക് മാറ്റം വരുത്താൻ അത്യാധുനിക സൗകര്യങ്ങൾ സജ്ജമായി.
അൾട്രാ സൗണ്ട് സെൻസർ സംവിധാനം വഴി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകുന്നതിനാണ് പദ്ധതി. നഗരത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പനമ്പിള്ളി നഗർ, വിവേകാനന്ദ റോഡ്, കലാഭവൻ റോഡ്, ജേണലിസ്റ്റ് കോളനി എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. മറ്റു നാല് സ്ഥലങ്ങളിൽ വ്യാഴാഴ്ച സ്ഥാപിക്കും. വേഗത്തിൽ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളെന്ന നിലയിലാണ് ഈ അഞ്ച് സ്ഥലങ്ങളെ തെരഞ്ഞെടുത്തത്.
പ്രവർത്തന പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനം. ഒരു മീറ്ററോളം ഉയരമുള്ള സംവിധാനം തൂണുകളിലാണ് സ്ഥാപിക്കുന്നത്. വെള്ളത്തിന്റെ നിരപ്പ് ഉയരുന്നത് വീക്ഷിച്ച് നിശ്ചിത ഉയരത്തിന് മുകളിലെത്തുമ്പോൾ സിഗ്നൽ നൽകുന്നതാണ് സംവിധാനം. മുന്നറിയിപ്പ് ഫോണിലൂടെ ടെലിഗ്രാം വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും വിധമായിരിക്കും ക്രമീകരിക്കുക.
നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച വിവരങ്ങൾ ആദ്യഘട്ടത്തിൽ കോർപറേഷൻ മേയർ, കലക്ടർ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ എന്നിവരൊക്കെ പരസ്പരം കൈമാറുന്നതും നടപടികൾ സ്വീകരിക്കുന്നതും നിലവിൽ ഫോൺ മുഖേനയാണ്.
സംവിധാനം പൂർണ സജ്ജമാകുന്നതോടെ ഇത് കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ യൂനിയന്റെ രാജ്യാന്തര നഗര, പ്രാദേശിക സഹകരണത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇറ്റലിയിലെ മെസീന നഗരത്തിൽ മുമ്പ് പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ച ഉപകരണം ഇറ്റലിയിലെ സെർവറിലേക്കാണ് നിലവിൽ ബന്ധിപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച എറണാകുളത്തെ വെള്ളത്തിന്റെ ഉയർച്ച നില സംബന്ധിച്ച സിഗ്നൽ അവിടേക്ക് എത്തിയെന്ന് വിവരം ലഭിച്ചതായി കൊച്ചി മേയർ എം. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. അഞ്ച് സ്ഥലത്ത് സ്ഥാപിച്ച ശേഷം പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് നാൾ വിലയിരുത്തും. ശേഷം ഔദ്യോഗിക ഉദ്ഘാടനവുമുണ്ടാകും.
വ്യാഴാഴ്ച ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ കൗൺസിലർമാരുടെ യോഗമുണ്ട്. സ്ഥാപിക്കാനുള്ള സ്ഥലം തീരുമാനിക്കുകയാണ് നിലവിലുണ്ടായിട്ടുള്ളത്. ബാക്കി കാര്യങ്ങൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.