കാറ്റും മഴയും: ദുരിതം തോരാതെ എറണാകുളം ജില്ല
text_fieldsകൊച്ചി: ശക്തമായ മഴയിലും കാറ്റിലും ദുരിതം തീരാതെ ജില്ല. വ്യാഴാഴ്ച തുടങ്ങിയ മഴ തോരാതെ പെയ്തതോടെ നാടും നഗരവും വെള്ളത്തിലായി. ചെല്ലാനത്തും വൈപ്പിനിലും കടൽകയറ്റം രൂക്ഷമായി തുടരുകയാണ്.
വെള്ളിയാഴ്ച രാത്രി എറണാകുളത്ത് കായലിൽ മത്സ്യബന്ധനത്തിനുപോയ വഞ്ചിമറിഞ്ഞ് ഒരാെള കാണാതായി. കൊല്ലം തേവലക്കര കരുവാകിഴക്കേതിൽ വീട്ടിൽ ആൻറപ്പനെയാണ് (53) കാണാതായത്. കൂടെയുണ്ടായിരുന്ന കൊല്ലം തേവലക്കര കിഴക്കേതിൽ വീട്ടിൽ സെബാസ്റ്റ്യൻ (59) രക്ഷപ്പെട്ടു. 10.30ന് മത്സ്യബന്ധത്തിന് പുറപ്പെട്ട ഇവരുടെ വള്ളം ശക്തമായ കാറ്റിലും മഴയിലും ബോൾഗാട്ടി പാലസിന് സമീപം മറിയുകയായിരുന്നു.
ഏറെനേരം വള്ളത്തിൽ പിടിച്ചുകിടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൻറപ്പൻ മുങ്ങിപ്പോയി. മുളവുകാട് പൊലീസും അഗ്നിരക്ഷാസേനയും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമായതായി പൊലീസ് പറഞ്ഞു. ചെല്ലാനത്ത് നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു ജോസിയുടെ വീട് അടക്കം കൂടുതൽ വീടുകൾ ശനിയാഴ്ച കടൽക്ഷോഭത്തിൽ തകർന്നു. നാവികസേന സംഘവും ചെല്ലാനത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് ഡൈവിങ് ടീം, ബോട്ടുകൾ, മറ്റ് വാഹനങ്ങൾ എന്നിവ സഹിതമുള്ള സംഘമാണ് എത്തിയത്.
ജില്ലയിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലായി 15 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കൊച്ചിയിൽ 13 ക്യാമ്പിലായി 382 പേരെയും കണയന്നൂരിലെ രണ്ട് ക്യാമ്പിൽ 28 പേരെയും താമസിപ്പിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ 89 കുടുംബങ്ങളിൽനിന്നുള്ള 67 കുട്ടികളും 167 സ്ത്രീകളും 176 പുരുഷന്മാരുമാണുള്ളത്. ഭൂതത്താൻകെട്ട് അണക്കെട്ടിെൻറ ഏഴ് ഷട്ടർ തുറന്നു. പുഴകളിലും തോടുകളിലും ജലനിരപ്പുയർന്നു.
മൂവാറ്റുപുഴയാറിൽ 7.765 മീറ്ററാണ് ജലനിരപ്പ്. 9.015 മീറ്റർ എത്തുമ്പോഴാണ് പ്രളയ മുന്നറിയിപ്പ് നൽകുന്നത്. ഇവിടെ വെള്ളം ഉയരുന്നതായാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.