വാനോളം ഈ വനിത മുന്നേറ്റം; കൃഷിയിടങ്ങൾക്ക് ഡ്രോൺ കവചമൊരുക്കി പെൺപുലികൾ
text_fieldsകൊച്ചി: കൃഷിയിടങ്ങളിൽ ഡ്രോൺ കവചമൊരുക്കി വനിതകളുടെ നാൽവർ സംഘം. ജില്ലയിലെ വിവിധ കൃഷിയിടങ്ങളിലാണ് ഡ്രോൺ സഹായത്തോടെ കൃഷി പരിപാലനത്തിനായി നാലംഗ വനിത സംഘം കർമനിരതരായത്. കേന്ദ്ര സർക്കാറിന്റെ ഡ്രോൺ ദീദി പദ്ധതിയുടെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് ഇവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയത്. പരിശീലനമെല്ലാം പൂർത്തിയാക്കി കർമരംഗത്ത് ഇവർ സജീവമായതോടെ കാർഷിക മേഖലയിൽ പുതുമാറ്റത്തിന് വഴിവെക്കുമെന്നാണ് കണക്കുകൂട്ടൽ
അതിജീവനത്തിൽ പുതുമാതൃക
മഴുവന്നൂർ പഞ്ചായത്തിലെ അച്ചാമ്മ ഏലിയാസ്, കൂവപ്പടിയിലെ ഷീബ എൽദോസ്, കരുമാല്ലൂരിലെ എം.ആർ. ബിന്ദു, ചെങ്ങമനാട്ടെ കെ.എ. മിനി എന്നിവരാണ് ജില്ലയുടെ സ്വന്തം വനിത ഡ്രോൺ പൈലറ്റുമാർ. പരാധീനതകളെ അതിജീവിച്ചാണ് ഇവരുടെ വളർച്ച. എല്ലാവരും മധ്യവയസ്കർ. ആകാശത്തുകൂടി പോകുന്ന വിമാനങ്ങൾ കൗതുകത്തോടെ നോക്കിനിന്നിട്ടുള്ളതല്ലാതെ പൈലറ്റാകുന്നതിനെക്കുറിച്ചോ മറ്റ് സാങ്കേതികവശങ്ങൾ പഠിച്ചെടുക്കുന്നതിനെക്കുറിച്ചോ ഇവർ ചിന്തിച്ചിരുന്നില്ല. എന്നാൽ, കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായി കാർഷികരംഗത്തെ ശാക്തീകരണം ലക്ഷ്യമിട്ട് വനിതകൾക്കായി നടത്തിയ ഡ്രോൺ പരിശീലനക്കളരിയിലേക്ക് കുടുംബശ്രീ ഇവരെ തെരഞ്ഞെടുത്തതോടെയാണ് ഗതിമാറിയത്.
തുടർന്ന് ചെന്നൈയിൽ ഗരുഡ എയർഫോഴ്സിൽ 14 ദിവസത്തെ പരിശീലനം. പിന്നാലെ കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശീലനം. ഇത് പൂർത്തിയാക്കി പത്തുവർഷത്തേക്കുള്ള ഡ്രോൺ പൈലറ്റ് ലൈസൻസും നേടി ഇവർ പുറത്തിറങ്ങി. ഇതോടെ ഇവർ ആളില്ലാ ഡ്രോൺ പറത്തുന്ന പൈലറ്റുമാരായി. സി.എസ്.ആർ ഫണ്ടിൽപെടുത്തി ഫാക്ടാണ് ഇവർക്ക് നാലുപേർക്കും ഡ്രോൺ നൽകിയത്. പത്തുലക്ഷം രൂപ വിലയുള്ള 25 കിലോ ശേഷിയുള്ളതാണിത്.
ഫീൽഡിലിറങ്ങി ഡ്രോൺ പൈലറ്റുമാർ
പരിശീലനം പൂർത്തിയാക്കി ഡ്രോണും കൈവശമെത്തിയതോടെ നാലംഗ സംഘം രണ്ടുമാസം മുമ്പ് തങ്ങളുടെ ദൗത്യമാരംഭിക്കുകയായിരുന്നു. നെൽകൃഷിക്ക് വളമിടലായിരുന്നു ആദ്യ ദൗത്യം. കരുമാല്ലൂർ പഞ്ചായത്തിലെ വെളിയത്തുനാട് തടിക്കടവ് പാടശേഖരത്തിലായിരുന്നു ജില്ലതല ഉദ്ഘാടനം. പിന്നാലെ ചേലാമറ്റം, മുടക്കുഴ, കരുമാല്ലൂർ, കുന്നുകര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ സേവനവുമായി ഡ്രോൺസംഘമെത്തി.
നെൽകൃഷിക്ക് പുറമേ റബർ, പയർ അടക്കമുള്ള കൃഷികൾക്കും വളമിടുന്നതിനും കളനാശിനികൾ തളിക്കുന്നതിനും പ്രയോജനപ്രദമാണ് ഡ്രോണുകൾ. വേഗത്തിൽ ജോലി തീരുമെന്നതും കൂലി കുറവാണെന്നതുമാണ് പ്രത്യകത. ഒരേക്കറിൽ മരുന്നടിക്കുന്നതിന് ഏകദേശം എട്ട് മിനിറ്റാണെടുക്കുന്നത്. ഇതിന് 600 മുതൽ 800 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. എന്നാൽ, ബാലാരിഷ്ടതകൾ ചിലപ്പോഴൊക്കെ പ്രതിസന്ധിയും സൃഷ്ടിക്കുന്നുണ്ട്. ബാറ്ററിയുടെ ആയുസ്സാണ് ഇതിൽ പ്രധാന വില്ലൻ. ഒരു ബാറ്ററിയുടെ ചാർജ് നിൽക്കുന്നത് എട്ട് മിനിറ്റാണ്. പിന്നീട് ഇത് ചാർജ് ചെയ്യണമെങ്കിൽ മുക്കാൽ മണിക്കൂറെടുക്കും. അത് മറികടക്കാനായി ഇവർ നാലുപേരും ഗ്രൂപ്പായാണ് വർക്ക് ചെയ്യുന്നത്.
പ്രവർത്തനം വിപുലമാക്കാൻ പദ്ധതികൾ
കാർഷിക മേഖലയിൽ പുത്തനുണർവ് നൽകുന്നതിനൊപ്പം വനിതകൾക്ക് സ്വയം തൊഴിൽ എന്ന ലക്ഷ്യവുമാണ് പദ്ധതിക്ക് പിന്നിൽ. അതുകൊണ്ടുതന്നെ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. ഇവരുടെ സേവനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും അതുവഴി കൂടുതൽ വരുമാനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്. ബാലാരിഷ്ടതകൾ മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ജില്ല മിഷൻ കോഓഡിനേറ്റർ ടി.എം. റജീന, പ്രോഗ്രാം മാനേജർ അനൂപ് എന്നിവരാണ് മേൽനോട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.