അതിർത്തി പ്രശ്നം, മാലിന്യം വലിച്ചെറിയുന്നത് മൂലമുള്ള തർക്കങ്ങൾ: ദ്വിദിന അദാലത് അവസാനിച്ചു
text_fieldsകൊച്ചി: അയൽവാസികൾ തമ്മിലുള്ള തർക്കങ്ങളും കുടുംബ പ്രശ്നങ്ങളും പ്രാദേശികതലങ്ങളിൽ ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങളിലും ഇടപെടൽ നടത്തി പരിഹാരം കാണാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
അതിർത്തി തർക്കം, മാലിന്യം വലിച്ചെറിയുന്നത് മൂലമുള്ള തർക്കങ്ങൾ, എന്നിങ്ങനെ നിരവധി പരാതിയാണ് കമീഷന് മുന്നിൽ എത്തുന്നത്. ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങളിലൂടെ ഇത്തരം പരാതികൾ പ്രാദേശികമായിത്തന്നെ പരിഹരിക്കാനാകും. കമീഷന് മുന്നിലെത്തുന്ന പരാതികളിൽ തദ്ദേശഭരണ സ്ഥാപനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെടാറുണ്ടെന്ന് കമീഷൻ വ്യക്തമാക്കി. ജാഗ്രത സമിതികളുടെ കൃത്യമായ പ്രവർത്തനം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യമാണ്. പ്രശ്നങ്ങൾ രൂപപ്പെട്ടതിനു ശേഷം പരിഹരിക്കുന്നതിന് പകരം ബോധവത്കരണ പരിപാടികളിലൂടെ രമ്യമായ അന്തരീക്ഷം സൃഷ്ടിക്കാൻ ജാഗ്രത സമിതികൾ ശ്രമിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ജാഗ്രത സമിതികൾ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ത്രിതല പഞ്ചായത്ത് തലങ്ങളിൽ കമീഷൻ ഉപഹാരം (25,000 രൂപ) ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഹാളിൽ രണ്ട് ദിവസമായി നടന്ന അദാലത്തിൽ അവസാന ദിനത്തിൽ 105 പരാതിയാണ് പരിഗണിച്ചത്. ഇതിൽ 46 എണ്ണം തീർപ്പാക്കി. രണ്ട് പരാതി കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
ഒരു പരാതി ജില്ല ലീഗൽ സർവിസ് സൊസൈറ്റിക്ക് നിയമനടപടി സ്വീകരിക്കാൻ കൈമാറി. ശേഷിക്കുന്ന പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുമെന്ന് കമീഷൻ അറിയിച്ചു. ഒന്നാം ദിവസം 104 പരാതി പരിഗണിച്ച് 43 എണ്ണം തീർപ്പാക്കിയിരുന്നു. അദാലത്തിൽ വനിത കമീഷൻ അംഗം അഡ്വ. ഷിജി ശിവജി, അഡ്വ. ഇന്ദിര രവീന്ദ്രൻ, വനിത കമീഷൻ ഡയറക്ടർ ഷാജി സുഗുണൻ, അഡ്വ. കെ.ബി. രാജേഷ്, അഡ്വ. സ്മിത ഗോപി, അഡ്വ. ഖദീജ റിഷബത്ത്, അഡ്വ. ലിനി മോൾ, അഡ്വ. ഹസ്ന, കൗണ്‍സിലര്‍ വി.കെ. സന്ധ്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.