കുന്നത്തുനാട്ടിൽ സ്ഥാനാർഥി ദുർബലമെന്ന്; ബി.ജെ.പിയിൽ അതൃപ്തി
text_fieldsകോലഞ്ചേരി: കോർപറേറ്റ് സംഘടനയുമായി ഒത്തുകളിച്ച് ദുർബല സ്ഥാനാർഥിയെ നിർത്തിയെന്ന ആരോപണം കുന്നത്തുനാട് ബി.ജെ.പിയിൽ വിവാദത്തിന് വഴിതെളിക്കുന്നു. മണ്ഡലത്തിലുള്ള പ്രമുഖ നേതാക്കളെ തഴഞ്ഞ് ഇറക്കുമതി സ്ഥാനാർഥിയെ രംഗത്തിറക്കിയതാണ് അതൃപ്തിക്ക് കാരണം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായ തുറവൂർ സുരേഷ് പതിനാറായിരത്തോളം വോട്ടാണ് നേടിയത്. തുടർന്ന് വന്ന ലോകസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മണ്ഡലത്തിൽ പതിനായിരത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. എന്നാൽ, ഇക്കുറി സംവരണ മണ്ഡലമായ കുന്നത്തുനാട്ടിൽ പട്ടികമോർച്ച സംസ്ഥാന സെക്രട്ടറി സി.എം. മോഹനൻ, ബി.ജെ.പി മുൻ നിയോജക മണ്ഡലം സെക്രട്ടറി മനോജ് മനക്കേകര എന്നിവർ സ്ഥാനാർഥികളാകുമെന്നാണ് കരുതിയത്. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ മണ്ഡലത്തിന് പുറത്തുള്ള വനിതക്കാണ് നറുക്ക് വീണത്.
ഇതോടെ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപോലും പ്രവർത്തകർ നിരാശയിലാണ്.
ഇതേ സമയം കോർപറേറ്റ് സംഘടനയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ദുർബല സ്ഥാനാർഥിയെ നിർത്തിയിരിക്കുന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ സജീവമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.