എൽ.ഡി.എഫ് തുടർഭരണം യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് തിരിച്ചടി
text_fieldsകോലഞ്ചേരി: എൽ.ഡി.എഫ് തുടർഭരണം വന്നതോടെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾക്ക് തിരിച്ചടി. യാക്കോബായ സഭയെ സഹായിക്കുന്നെന്ന് ആരോപിച്ച് ഇടതുവിരുദ്ധ നിലപാടെടുത്ത ഓർത്തഡോക്സ് വിഭാഗവും മറിച്ച് ആരോപിച്ച് ഇടതുവിരുദ്ധ നിലപാടെടുത്ത യാക്കോബായ വിഭാഗവും അങ്കലാപ്പിലായി.
2017 ജൂലൈ മൂന്നിന് ഓർത്തഡോക്സ് സഭക്ക് അനുകൂല സുപ്രീംകോടതി വിധിയോടെയാണ് സംസ്ഥാനത്ത് സഭാതർക്കം രൂക്ഷമായത്. മലങ്കരയിലെ മുഴുവൻ പള്ളികളും 1934ലെ ഓർത്തഡോക്സ് ഭരണഘടനയനുസരിച്ച് ഭരിക്കണമെന്നായിരുന്നു കോടതി വിധി. പള്ളികൾ കേന്ദ്രീകരിച്ച് വിധി നടപ്പാക്കാൻ ആരംഭിച്ചതോടെ സംഘർഷവും പൊലീസ് നടപടികളും പതിവായി. പള്ളികൾ പിടിച്ചെടുക്കാൻ ഓർത്തഡോക്സ് വിഭാഗവും തടയാൻ യാക്കോബായക്കാരും രംഗത്തിറങ്ങിയതാണ് കാരണം. സർക്കാറിനും പൊലീസിനുമെതിരെ ഇരുവിഭാഗവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.
നഷ്ടമായ പള്ളികളിൽ യാക്കോബായ വിശ്വാസികളുടെ മൃതദേഹം അടക്കാൻപോലും കഴിയാതെവന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തി. തുടർന്നാണ് മാന്യമായ ശവസംസ്കാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ സെമിത്തേരി ഓർഡിനൻസ് പാസാക്കിയത്. ഇതോടെ യാക്കോബായ വിഭാഗം സർക്കാറിന് അനുകൂലമായും ഓർത്തഡോക്സ് പക്ഷം എതിരായും തിരിഞ്ഞു. ഇടക്ക് പള്ളികൾ നഷ്ടപ്പെട്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യാക്കോബായ വിഭാഗം ഇടതുമുന്നണിക്കൊപ്പം നിന്നു.
എന്നാൽ, ഇതിനുശേഷവും പള്ളികൾ നഷ്ടപ്പെടാൻ തുടങ്ങിയതോടെ സംരക്ഷിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് ഡിസംബറിൽ യാക്കോബായ വിഭാഗം പ്രത്യക്ഷസമരം ആരംഭിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാർ വഴങ്ങുമെന്നായിരുന്നു പ്രതീക്ഷ.
സെക്രേട്ടറിയറ്റിന് മുന്നിലെ സമരം ആഴ്ചകൾ നീണ്ടെങ്കിലും സർക്കാർ പ്രതികരിച്ചില്ല. ഇതോടെ സമരം സ്വമേധയാ നിർത്തി സഭ സർക്കാർവിരുദ്ധ നിലപാടിലായി. ഇതേസമയംതന്നെ കോതമംഗലം പള്ളി ഏറ്റെടുക്കുന്ന വിഷയത്തിലടക്കം സർക്കാർ യാക്കോബായ സഭയെ സഹായിക്കുകയാണെന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗവും സർക്കാർവിരുദ്ധ നിലപാടിലായി. ഇതിനിടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പ്രശ്നത്തിലിടപെട്ടത്. ഇതോടെ യാക്കോബായ നേതൃത്വം ആ വഴിക്കായി.
തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കാനും ധാരണയായി. അന്തിമ ചർച്ചക്ക് മെത്രാപ്പോലീത്തമാർ അടക്കമുള്ളവർ ഡൽഹിയിൽ ചെന്നെങ്കിലും അമിത് ഷാ അടക്കമുള്ളവരെ കാണാൻ കഴിഞ്ഞില്ല. ഇതോടെ ആ നീക്കവും പാളി. തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷ നിലപാടിനാണ് സഭാ നേതൃത്വം തീരുമാനിച്ചത്. എന്നാൽ, സഭയിലെ മക്കാബി അടക്കമുള്ള സംഘടനകൾ യു.ഡി.എഫ് അനുകൂല നിലപാടും സ്വീകരിച്ചു.
തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ സഭയുടെ സമരങ്ങളിലടക്കം സജീവമായി പങ്കെടുത്ത എൽദോ എബ്രഹാം അടക്കം തോറ്റു. തുടർഭരണം വന്നാൽ പള്ളികൾ സംരക്ഷിക്കാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്നത് പരിഗണിക്കാമെന്ന് സർക്കാറുമായി ബന്ധപ്പെട്ടവർ സഭാ പ്രമുഖരെ അറിയിച്ചിരുന്നു. എന്നാൽ, ഇത് മറികടന്ന് സമരരംഗത്തേക്കും ബി.ജെ.പി അനുകൂല നിലപാടിലേക്കും സഭ ഇറങ്ങിയത് മുഖ്യമന്ത്രി അടക്കമുള്ളവരെ ചൊടിപ്പിച്ചിരുന്നു.
ഓർത്തഡോക്സ് സഭയിലെ ഒരുവിഭാഗവും കടുത്ത സർക്കാർ വിരുദ്ധ നിലപാടിലായിരുന്നു. ഇവരും സർക്കാറിനെതിരെ പരസ്യപ്രചാരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.