കുട്ടി ബസിനടിയിൽപെട്ട സംഭവം; പൊലീസ് ഇടപെട്ടതോടെ ട്വിസ്റ്റ്
text_fieldsകോലഞ്ചേരി: മഴുവന്നൂർ തട്ടാംമുകളിൽ ആറു വയസുകാരൻ കെ.എസ്.ആർ.ടി.സി. ബസിനടിയിൽപ്പെട്ടു. കുഞ്ഞിനെ മാതാവ് വലിച്ചെറിഞ്ഞതാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. എറണാകുളം തേക്കടി സംസ്ഥാന പാതയിൽ തട്ടാംമുഗളിലാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്നുമെത്തി തട്ടാംമുഗളിൽ വാടകക്ക് താമസിക്കുന്ന 29 കാരി യുവതിയുടെ ആറു വയസുകാരൻ മകനെയാണ് മൂവാറ്റുപുഴ എറണാകുളം കെ.എസ്.ആർ.ടി.സി യുടെ ടയറിനടിയിൽ നിന്ന് രക്ഷിച്ചത്.
എതിർ ഭാഗത്ത് നിന്ന് വന്ന ജീപ്പ് ഡ്രൈവറുടെ ശ്രദ്ധയിൽ കുട്ടി പെടുകയായിരുന്നു. കുട്ടിയെ മാതാവ് വലിച്ചെറിഞ്ഞതാണെന്ന ആക്ഷേപവുമായി സ്ഥലത്ത് നാട്ടുകാർ തടിച്ചു കൂടി.വിവര മറിഞ്ഞ് കുന്നത്തുനാട് പൊലീസും സ്ഥലത്തെത്തി. എന്നാൽ സംഭവത്തെ കുറിച്ച് യുവതി പോലീസിന് നൽകിയ മൊഴി ഇങ്ങനെയാണ് 'അഞ്ചു കുട്ടികളുടെ മാതാവായ താൻ ഏറ്റവും ഇളയ രണ്ടു വയസുള്ള കുട്ടിയുമൊത്ത് ബസ് കാത്തു നിൽക്കുകയായിരുന്നു. ബസ് വന്ന് കയറിയ ഉടൻ വീട്ടിലായിരുന്ന കുട്ടി തന്നെ തേടിയെത്തുകയും താൻ കയറിയ അതേ ബസിൽ കയറാൻ ശ്രമിക്കുകയുമായിരിന്നു. എന്നാൽ കുട്ടിയെ കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്ന് ശഠിച്ച, തന്നോടൊപ്പം ചുരുദാറിൽ പിടിച്ച് ബസിന്‍റെ ചവിട്ടുപടി കയറാൻ ശ്രമിച്ച മകനെ തടയുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ താഴെ വീണ് ബസിന്‍റെ മുൻ, പിൻ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നു''.
കുട്ടി വീഴുന്നത് കണ്ട എതിർദിശയിൽ നിന്നു വന്ന ജീപ്പ് ബസിന് കുറുകെയിട്ട് ഡ്രൈവർ തടഞ്ഞു. ജീപ്പ് ഡ്രൈവർ ചാടിയിറങ്ങി ബസിനടിയിൽ നിന്ന് കുട്ടിയെ വലിച്ചു പുറത്തെടുത്തതോടെയാണ് മറ്റുള്ളവർ സംഭവ അറിയുന്നത്. സംഭവമറിഞ്ഞ് ബസിൽ നിന്നും ഇറങ്ങിയ യുവതി കുട്ടിയെ രക്ഷിച്ച ജീപ്പ് ഡ്രൈവറോട് കയർത്തു സംസാരിച്ചതോടെ തടിച്ചു കൂടിയ നാട്ടുകാർ യുവതിയെ തടഞ്ഞു വച്ചു. അതിനിടയിൽ രക്ഷപ്പെട്ട മകനെ ശകാരിച്ച് കൈയേറ്റം ചെയ്യാൻ യുവതി ശ്രമിച്ചതോടെ നാട്ടുകാർ പ്രകോപിതരായി.
കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് റോഡിന് ഇരുനൂറ് മീറ്റർ അടുത്ത് താമസിക്കുന്ന വീട്ടിലേക്ക് യുവതിയെ പോകാൻ നാട്ടുകാർ അനുവദിച്ചത്. അഞ്ചു മക്കളുള്ള യുവതിയുടെ മൂത്ത മകനായ 13 കാരനും ഒമ്പതുകാരിയും മൂക്കന്നൂരിലെ ബാലഭവനിലാണ്.
അപകടത്തിൽ നിന്നും രക്ഷപെട്ട കുട്ടിയും അവിടെയായിരുന്നു. പിന്നീട് അമ്മയോടൊപ്പം വീണ്ടുമെത്തുകയായിരുന്നു. യുവതി കുട്ടിയെ മനപൂർവം ബസിനടിയിലേക്ക് തള്ളി വിട്ടതാണെന്നായിരുന്നു നാട്ടുകാരുടെ വാദം. എന്നാൽ സംഭവത്തിൽ ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് കുന്നത്തുനാട് പൊലീസും നിലപാടെടുത്തു. വാഗ്വാദങ്ങൾക്കൊടുവിൽ യുവതിയെ വീട്ടിലേക്ക് പൊലീസ് പറഞ്ഞു വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.