ഓൺലൈൻ തട്ടിപ്പ്; കോലഞ്ചേരി സ്വദേശിക്ക് 40 ലക്ഷം നഷ്ടമായി
text_fieldsകോലഞ്ചേരി: വ്യാജ ഓൺലൈൻ ഓഹരി ആപ്പ് വഴി ഷെയർ ട്രേഡിങ്ങ് നടത്തിയ കോലഞ്ചേരി സ്വദേശിക്ക് 39,70,000 രൂപ നഷ്ടമായി. കോലഞ്ചേരിയിലെ സ്വകാര്യ വില്ലയിലെ താമസക്കാരിയാണ് തട്ടിപ്പിനിരയായത്. ഓഹരി ട്രേഡിങ് നടത്തുന്ന ഐ.ഐ.എഫ്.എൽ ആപ്പിന്റെ സമാന മാതൃക സൃഷ്ടിച്ചാണ് പണം തട്ടിയെടുത്തത്. യുവതി വിശദാംശങ്ങൾ അറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്തതാണ് തട്ടിപ്പ് സംഘം ഇവരെ വലയിൽ വീഴ്ത്താൻ ഇടയാക്കിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഷെയർ ട്രേഡിങ്ങിന്റെ യഥാർഥ ആപ്പിന്റെ അതേ പേരിൽ കണ്ട സൈറ്റിൽ സെർച്ച് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ഇവരുടെ മൊബൈലിൽ വിളിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ചെറിയ തുക മുടക്കിയാൽ ലഭിക്കുന്ന വലിയ ലാഭം പറഞ്ഞ് 25000 രൂപ നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെട്ടു. ഇതിനായി ആപ്പിന്റെ മൊബൈൽ ലിങ്കും അയച്ച് നൽകി. ലിങ്കിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്ത് 25000 നിക്ഷേപിച്ച് ട്രേഡിങ്ങ് തുടങ്ങി. ആദ്യ ഘട്ടത്തിൽ പ്രതിദിനം മുടക്കിയ പണത്തിന്റെ പതിന്മടങ്ങ് ലാഭം ലഭിച്ചതായി കാണിച്ചതോടെ നിക്ഷപത്തുക കൂട്ടി.
ഇത്തരത്തിൽ ഒന്നര മാസത്തിനിടെ നടത്തിയ തട്ടിപ്പിനൊടുവിലാണ് 39,70,000 രൂപ നിക്ഷേപിച്ചത്. ഈ തുകയുടെ ലാഭം ലഭിക്കാതെ വന്നതോടെ ഇവരെ ബന്ധപ്പാടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
തുടർന്ന് എറണാകുളത്തുള്ള യഥാർഥ ട്രേഡിങ് ഓഫിസിൽ എത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ട കാര്യം യുവതി അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നതെന്ന് തിരിച്ചറിഞ്ഞത്.
പുത്തൻകുരിശ് പൊലീസിൽ നൽകിയ പരാതിയിൽ റൂറൽ എസ്.പി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, ഇൻസ്പെക്ടർ കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവൽക്കരിച്ച് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.