ബിനിതക്ക് ആശ്വാസമായി പട്ടികജാതി വകുപ്പിന്‍റെ സഹായം
text_fieldsകോലഞ്ചേരി: ബിനിതക്ക് ആശ്വാസമായി പട്ടികജാതി വകുപ്പിന്‍റെ ഇടപെടൽ. അർബുദത്തോട് പടവെട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വടവുകോട് രാജർഷി സ്കൂൾ വിദ്യാർഥി ബിനിതക്കാണ് വകുപ്പിന്‍റെ സഹായമെത്തിയത്.
വകുപ്പിന്റെ ചികിത്സ സഹായമായി 50,000 രൂപ ബിനിതക്ക് കൈമാറി. അർബുദത്തെ തോൽപിച്ച് എസ്.എസ്.എൽ.സിയിൽ മിന്നും വിജയം നേടിയ ബിനിതയെ കുറിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
തീർത്തും നിർധന സാഹചര്യത്തിലുള്ള ഇവരുടെ ചികിത്സക്കും മറ്റുമായി ജനപ്രതിനിധികളുടേയും സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ച കാര്യവും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വകുപ്പിന്‍റെ സജീവ ഇടപെടലുണ്ടായത്.
വടവുകോട് ചോയ്ക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകളായ ബിനിതക്ക് എസ്.എസ്.എൽ.സി പരീക്ഷക്ക് ഒരുങ്ങുന്നതിനിടെയാണ് അർബുദം സ്ഥിരീകരിച്ചത്. ആദ്യം പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലും ഇപ്പോൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലുമാണ് ചികിത്സ.
പട്ടികജാതി വിഭാഗത്തിൽപെട്ട ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും അത്യാഹിതങ്ങൾ സംഭവിച്ചവർക്കും ചികിത്സ ധനസഹായം നൽകുന്ന ആരോഗ്യസുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള തുകയാണ് ബിനിതക്ക് അനുവദിച്ചത്. തുടർ സഹായം എന്ന നിലയിൽ കൂടുതൽ ധനസഹായം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബ്ലോക്ക് പട്ടികജാതി ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.