രാധക്കും കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിഞ്ഞു
text_fieldsകൂത്താട്ടുകുളം: കുളങ്ങരക്കുന്നേൽ രാധയും കുടുംബവും ഇനി പുതിയ വീട്ടിലേക്ക്. സമീപവാസി നടപ്പുവഴി കെട്ടിയടച്ചതോടെ ലൈഫ് വീട് നിർമാണം തുടങ്ങാനാവാത്ത ഘട്ടത്തിൽ സി.പി.എം രംഗത്തിറങ്ങി പദ്ധതി പൂർത്തീകരിക്കുകയായിരുന്നു. കൂത്താട്ടുകുളം 11ാം ഡിവിഷനിലെ കുളങ്ങരക്കുന്നേൽ രാധ-സുരേഷ് ദമ്പതികൾക്ക് ലൈഫ് ഭവനപദ്ധതിയിലാണ് വീട് ലഭിച്ചത്. വഴിത്തർക്കം മൂലം സമീപവാസിയുടെ എതിർപ്പിനെത്തുടർന്നാണ് നിർമാണം മുടങ്ങിയത്. 15 വർഷത്തിലേറെയായി പത്താം ഡിവിഷനിൽ വാടകക്ക് താമസിച്ച രാധക്കും കുടുംബത്തിനും കൗൺസിലർ സുമ വിശ്വംഭരന്റെ ഇടപെടലിലാണ് ലൈഫ് ഭവനപദ്ധതിയിൽ വീട് ലഭിച്ചത്. ഇവരുടെ അവസ്ഥ അടുത്തറിയുന്ന കിഴക്കേ കൊച്ചുകുന്നേൽ മാത്യു ജോസഫ് 11ാം ഡിവിഷനിൽ മൂന്നു സെൻറ് സ്ഥലം സൗജന്യമായി നൽകി.
എന്നാൽ, സമീപവാസി ഈ സ്ഥലത്തേക്കുള്ള വഴി മതിൽ കെട്ടിയടച്ചു. പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ല. ഇതോടെ ലൈഫ് പദ്ധതിയിൽപെടുത്തി അനുവദിച്ചിരുന്ന വീടുപണി ആരംഭിക്കാൻ കഴിഞ്ഞില്ല. ഫണ്ട് ലാപ്സായി പോകുമെന്ന് കാണിച്ച് രാധ മുട്ടാത്ത വാതിലുകളില്ല. രോഗിയായ ഭർത്താവും രണ്ടു കുട്ടികളുമാണ് ഇവർക്ക്. ഇവരുടെ അവസ്ഥ അറിഞ്ഞ സി.പി.എം നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബിഷ് ജോർജ്, നഗരസഭാ അധ്യക്ഷ വിജയാ ശിവൻ, വാർഡ് കൗൺസിലർ സുമ വിശ്വംഭരൻ, ബ്രാഞ്ച് സെക്രട്ടറി അനിൽ സ്കറിയ തുടങ്ങിയവർ ചേർന്ന് വീടിന് തറക്കല്ലിട്ടു.
കേസ് ഉണ്ടായെങ്കിലും രാധയുടെ വീടെന്ന ആഗ്രഹത്തിന് പിന്നിൽ പാർട്ടി ഉറച്ചുനിന്നതോടെ സ്വകാര്യവ്യക്തി നാലടി വീതിയിൽ വഴിവിട്ടു നൽകി. സമീപത്തെ ചെറിയ തോടിനു മുകളിൽ കലുങ്ക് സ്ഥാപിച്ച് വഴിനിർമിച്ചു. പുതിയ വൈദ്യുതി തൂൺ സ്ഥാപിച്ച് കണക്ഷൻ നൽകി.
തലച്ചുമടായി മണ്ണു മുതലുള്ള നിർമാണ സാധനങ്ങൾ എത്തിച്ച് ഡി.വൈ.എഫ്.ഐയും ഒപ്പമുണ്ടായി. മൂന്നു മുറിയും ടോയ്ലെറ്റും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടെ എല്ലാ പണികളും തീർത്ത വീട്ടിലേക്ക് രാധയും കുടുംബവും ഞായറാഴ്ച താമസം മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.