മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി
text_fieldsകൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ മോഷണ കേസിലെ പ്രതി മണിക്കൂറുകൾക്കകം അറസ്റ്റിലായി. പൂവക്കുളം നെടുംപുറത്ത് വേലായുധൻ (49) നെ ആണ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം വിവരം അറിയുന്നത്. ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്ന നിലയിലായിരുന്നു.
ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓട് ഇളക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. അകത്തെ മേശയുടെ പൂട്ട് തകർത്ത് പരിശോധന നടത്തിയ നിലയിലാണ് കാണപ്പെട്ടത്. ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ഡോഗ് സ്ക്വാർഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
മോഷ്ടാവ് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷണം നടത്തിയ പ്രദേശങ്ങളിൽ എണ്ണ പുരട്ടി വിരലടയാളങ്ങൾ നശിപ്പിക്കുകയും പൊലീസ് നായക്ക് മണം ലഭിക്കാത്ത വിധം ഉണക്കമീനും പച്ചമുളകും വിതറുകയും ചെയ്തിരുന്നു.
ക്ഷേത്രത്തിനുള്ളിൽ മോഷ്ടാവ് ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രത്തിൽ നിന്നും മണം പിടിച്ച് പൊലീസ് നായ മാർളി ക്ഷേത്രത്തിന്റെ പരിസരത്ത് പരതിയ ശേഷം മണം പിടിച്ച് ഹൈസ്കൂൾ ഗ്രൗണ്ട് ലക്ഷ്യമാക്കി നീങ്ങി. ഇതിനിടെ പൊലീസിന് മോഷ്ടാവ് ജില്ലാ അതിർത്തിയായ പൂവക്കുളം ഭാഗത്ത് ഉണ്ട് എന്ന് വിവരം ലഭിച്ചു.
ഈ ഭാഗത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ പൂവക്കുളം വനം ഭാഗത്തുനിന്നും വേലായുധനെ പൊലീസ് കണ്ടെത്തുകയായിരുന്നു. വേലായുധൻ കൈയിലുണ്ടായിരുന്ന ചാക്ക് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പൊലീസ് വേലായുധനെ കീഴ്പ്പെടുത്തി.
വലിച്ചെറിഞ്ഞ ചാക്ക് പരിശോധിച്ചപ്പോൾ പണവും മോഷണത്തിനായി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു. കണ്ടാൽ സംശയം തോന്നാത്ത വിധം ചാക്കിനുള്ളിൽ പണവും ആയുധവും നിറച്ച ശേഷം ചാക്കിന്റെ വായഭാഗത്ത് ചേമ്പില നിറച്ച നിലയിൽ ആയിരുന്നു.
ആദ്യ കാഴ്ചയിൽ ചാക്കിനുള്ളിൽ ചേമ്പ് നിറച്ചിരിക്കുന്നതാണെന്ന് തോന്നുകയുള്ളൂ. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റ് രണ്ട് മോഷണ കേസുകളിൽ ശിക്ഷ അനുഭവിച്ചു വരുന്ന ഇയാൾ നിലവിൽ ജാമ്യത്തിൽ ഇറങ്ങിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.