15 മണിക്കൂർ കിണറ്റിൽ; ഒടുവിൽ കാട്ടാനക്ക് പുതുജീവൻ
text_fieldsകോതമംഗലം: 15 മണിക്കൂറിലേറെ നീണ്ട ഉദ്വേഗഭരിതരംഗങ്ങൾക്കൊടുവിൽ കിണറ്റിൽ വീണ കാട്ടാനയെ കരക്കെത്തിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ വെള്ളിയാഴ്ച പുലർച്ച വീണ കാട്ടാനയെയാണ് വൈകീട്ട് 5.30 ഓടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ച് കരക്ക് എത്തിച്ചത്.
കരക്ക് കയറിയ ആനയെ ജനവാസ മേഖലയിലൂടെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് തുരത്തി. മയക്കുവെടി െവച്ച് വാഹനത്തിൽ കയറ്റി മാറ്റുമെന്ന വാക്ക് പാലിക്കാത്തതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. കോട്ടപ്പാറ വനമേഖലയിൽനിന്ന് നാല് കിലോമീറ്റർ മാറി ജനവാസമേഖലയിലാണ് പുലർച്ച രണ്ടോടെ കാട്ടുകൊമ്പൻ കിണറ്റിൽ വീണത്. പൂലാഞ്ഞി കുഞ്ഞപ്പന്റെ ഉടമസ്ഥതയിലുള്ളതാണ് കിണർ. നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറ്റിലാണ് ആന വീണത്. പുലർച്ച കാട്ടാനയെ രക്ഷപ്പെടുത്തി വിടാൻ വനം വകുപ്പിന്റെ ആദ്യ നീക്കത്തെ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു.
നിരന്തരം നാട്ടിലിറങ്ങുന്ന ആനയാണിതെന്നും ആനയുടെ സാന്നിധ്യം മനസ്സിലാക്കാൻ ടോർച്ച് അടിച്ചാൽ വെട്ടത്തിനുനേരെ പാഞ്ഞടുക്കുമെന്നും നാട്ടുകാർ പറഞ്ഞു. കരക്ക് കയറ്റുന്ന ആനയെ മയക്കുവെടിവെച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുടിവെള്ള സ്രോതസ്സായ കിണർ നന്നാക്കാൻ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കിണറിനടുത്തേക്ക് മണ്ണുമാന്തിയന്ത്രം എത്തിക്കാൻ സ്വകാര്യവ്യക്തികളുടെ കൃഷിയിടത്തിന് ഉണ്ടാകുന്ന നാശത്തിനും നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഉയർന്നു.
മലയാറ്റൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസ്, റേഞ്ച് ഓഫിസർമാരായ ജിയോ ബേസിൽ പോൾ, എ.എസ്. രഞ്ജിത്, പെരുമ്പാവൂർ എ.സി.പി രോഹിത് മോത്, എ.എസ്.പി അഞ്ജലി ഭാവന എന്നിവരുടെ നേതൃത്വത്തിൽ എം.എൽ.എമാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ജനപ്രതിനിധികൾ എന്നിവർ സ്ഥല ഉടമകളുമായി ചർച്ച നടത്തി തീരുമാനത്തിലെത്തുകയായിരുന്നു. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജനങ്ങളെ മാറ്റിയശേഷം മണ്ണ് മാന്തിയന്ത്രം എത്തിച്ച് കിണർ ഇടിച്ച് ആനയെ പുറത്ത് എത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.