താലൂക്ക് ആശുപത്രിക്ക് മുന്നിൽ അപകടം പതിവ്; രോഗികളുമായെത്തുന്ന വാഹനവും റോഡിൽ കുരുങ്ങുന്നു
text_fieldsകോതമംഗലം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. ആശുപത്രിയുടെ പ്രവേശന വഴിയുടെ വീതി കുറവാണ് പ്രധാന വില്ലൻ. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ആളുകൾ ചികിത്സതേടി എത്തുന്ന ആശുപത്രിയാണിത്. അടിയന്തര ഘട്ടത്തിലും അല്ലാതെയും രോഗികളുമായെത്തുന്ന വാഹനം റോഡിന് വീതി കുറവായതിനാൽ മറ്റ് വാഹനങ്ങൾ പോയിക്കഴിയുന്നതുവരെ കാത്തുകിടക്കേണ്ട സാഹചര്യമാണ്.
ആലുവ-മൂന്നാർ റോഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിക്കടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഗതാഗതക്കുരുക്കിനും അപകടത്തിനും വഴിവെക്കുന്നുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിൽ ബസ് നിർത്തിക്കഴിഞ്ഞാൽ ആശുപത്രിയുടെ പ്രവേശന കവാടം മറയുന്ന വിധത്തിൽ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടും. പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഇവിടെ നിർത്തിയാണ് ആളുകളെ ഇറക്കുന്നത്.
പെരുമ്പാവൂരിലേക്ക് പോകുന്ന വാഹനങ്ങൾ ആശുപത്രി കവാടത്തിന് മുന്നിൽ നിർത്തി ആളെ കയറ്റുന്നതും അപകടം വിളിച്ചുവരുത്തുന്നുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും മരുന്നിനും ഭക്ഷണം വാങ്ങാനും റോഡ് മുറിച്ച് കടക്കുന്നതും അപകടത്തിന് വഴിവെക്കാറുണ്ട്. കവാടത്തിന് ചേർന്ന് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. കാൽനടക്കാർക്ക് അസൗകര്യങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയില്ലാത്തതിനാൽ രോഗിയുമായെത്തുന്ന ആംബുലൻസുകൾപോലും പിന്നോട്ട് എടുക്കേണ്ട സാഹചര്യമാണ്. രാവിലെ മുതൽ ഉച്ചവരെ ഏറ്റവും തിരക്കേറിയ സമയത്താണ് ഇവിടെ അപകടങ്ങളും പതിവാകുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ ആശുപത്രി വികസനസമിതിയും നഗരസഭ ഗതാഗത പരിഷ്കരണ കമ്മിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.