ചികിത്സ സഹായത്തിനായി സാഹസിക പ്രകടനം
text_fieldsകോതമംഗലം: വടാട്ടുപാറ സ്വദേശിയായ യുവാവിന്റെ വൃക്ക മാറ്റിെവക്കുന്നതിന് പണം സ്വരൂപിക്കാൻ മജീഷ്യൻ മാർട്ടിൻ മേയ്ക്കമാലി കോതമംഗലത്ത് സാഹസിക പ്രകടനം നടത്തി. വടാട്ടുപാറ പുഞ്ചളായിൽ നൈബു ജോസ് എന്ന 32കാരനാണ് ഇരുവൃക്കയും തകരാറിലായതിനെ തുടർന്ന് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നത്. വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സക്കുമായി ലക്ഷക്കണക്കിന് രൂപ ചെലവുവരും.
പ്രായമായ അമ്മയും ഒമ്പത് വയസ്സായ മകനുമുള്ള നിർധന കുടുംബാംഗമായ നൈബുവിന് ഇത്രയും പണം കണ്ടെത്താൻ കഴിയില്ലെന്ന് മനസ്സിലാക്കി നാട്ടുകാർ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നേതൃത്വത്തിൽ നൈബു സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്. ഫണ്ടിലേക്ക് പണം സ്വരൂപിക്കാനാണ് നാട്ടുകാരൻ കൂടിയായ മാർട്ടിൻ സാഹസിക പ്രകടനം നടത്തിയത്.
നാല് ഇഞ്ച് നീളമുള്ള 1600 ആണികൾ മരപ്രതലത്തിൽ തറച്ച് അതിൽ മലർന്നുകിടന്ന് ശരീരത്തിൽ നാലുപേർ കയറി നിൽക്കുകയും തുടർന്ന് ആണികൾക്ക് മുകളിൽ കിടക്കുന്ന മാർട്ടിെൻറ ശരീരത്തിൽ 100 ട്യൂബ് ലൈറ്റുകൾ അടിച്ച് പൊട്ടിക്കുകയുമായിരുന്നു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി പരിപാടിയുടെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസ മോൾ ഇസ്മയിൽ, എസ്.ഐ മാഹിൻ കെ. സലിം , ജയിംസ് കോറമ്പേൽ, എം.കെ. രാമചന്ദ്രൻ, ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോ മോൻ ജോയി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.