ദുരിതജീവിതത്തിന് അറുതി; കൊച്ചയ്യപ്പനും കുടുംബവും ഇനി പീസ് വാലിയിൽ
text_fieldsകോതമംഗലം: ദുരിത ജീവിതത്തിന് അറുതിവരുത്തി കൊച്ചയ്യപ്പനും കുടുംബവും പീസ് വാലിയിലേക്ക്. ശരീരം മുഴുവൻ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി കിടപ്പുരോഗിയായ 76 വയസ്സുള്ള കൊച്ചയ്യപ്പൻ, പ്രമേഹംമൂലം വിരലുകൾ അടക്കം മുറിച്ചുമാറ്റിയ ഭാര്യ 70 വയസ്സുള്ള ദേവകി, മനോരോഗിയും കേൾവി പരിമിതയുമായ മകൾ 35കാരി അംബിക എന്നിവരുൾപ്പെട്ടതാണ് ഇവരുടെ കുടുംബം. കാവലായി രണ്ട് നായ്ക്കളുമുണ്ടായിരുന്നു.
തൃക്കാരിയൂർ എൽ.പി സ്കൂളിന് സമീപം ചരലുമാലിൽ വീട്ടിൽ കൊച്ചയ്യപ്പനും കുടുംബവുമാണ് സമാനതകളില്ലാത്ത ദുരിതവും പേറി കഴിഞ്ഞിരുന്നത്. പൊതുപ്രവർത്തകർ നൽകിയ വിവരമനുസരിച്ചെത്തിയ കോതമംഗലം പീസ് വാലി ഭാരവാഹികൾ കണ്ടത് മനസ്സാക്ഷിയെ നടുക്കുന്ന കാഴ്ചകളായിരുന്നു. വല്ലപ്പോഴും അയൽക്കാർ നൽകുന്ന ഭക്ഷണമാണ് ഇവരുടെ ജീവൻ നിലനിർത്തിയിരുന്നത്. കൂലിപ്പണിക്കാരനായിരുന്ന കൊച്ചയ്യപ്പൻ കിടപ്പിലായതിനെത്തുടർന്നാണ് കുടുംബത്തിന്റെ താളംതെറ്റിയത്. മനോരോഗിയായ അവിവാഹിതയായ മകൾകൂടി ഉള്ളത് ദുരിതങ്ങളുടെ തീവ്രത കൂട്ടി. മൂവാറ്റുപുഴ ആർ.ഡി.ഒയെ വിവരമറിയിച്ച് ആവശ്യമായ ഉത്തരവുകൾ ലഭ്യമായതിനെത്തുടർന്ന് കുടുംബത്തെ പീസ് വാലി ഏറ്റെടുത്തു.
വാർഡ് മെംബർ ടി.കെ. കുമാരി, പീസ് വാലി ഭാരവാഹികളായ എം.എം. ഷംസുദ്ദീൻ നദ്വി, മുഹമ്മദ് ഷിയാസ്, ജിബിൻ ജോർജ്, സലിം, ശൗക്കത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.