മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ അധികൃതർ
text_fieldsകോതമംഗലം: ദേശീയപാത വികസനത്തിന്റെ മറവിൽ മുറിച്ചുകടത്തിയ മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാകാതെ ജില്ല കൃഷിത്തോട്ടം അധികൃതരും റവന്യു വകുപ്പും. വില്ലാഞ്ചിറ മുതൽ ഒരു കിലോമീറ്റർ ദൂരത്തിലാണ് ദേശീയ പാത വികസനത്തിനായി റോഡരികിലെ മരങ്ങൾ മുറിച്ച് കടത്തിയത്. ജില്ല കൃഷിത്തോട്ടത്തിലെയും സമീപ റവന്യു ഭൂമികളിലെയും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളും കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുറിച്ച മരത്തിന്റെ കുറ്റികളും മണ്ണും നീക്കം ചെയ്തതിനാൽ നഷ്ടപ്പെട്ട മരങ്ങളുടെ എണ്ണമോ കൃഷിത്തോട്ടം, റവന്യു ഭൂമികളുടെ പരിധിയോ നിശ്ചയിക്കാനായിട്ടില്ല.
ആഞ്ഞിലി, ഇലവ്, ചീനി, കാട്ടുകറിവേപ്പ് തുടങ്ങി അറുപതോളം മരങ്ങൾ നഷ്ടപ്പെട്ടിണ്ടെന്നാണ് കൃഷിത്തോട്ടം അധികൃതർ ഊന്നുകൽ പൊലീസിൽ നൽകിയ പരാതിയിലും മേലധികാരികൾക്ക് നൽകിയ റിപ്പോട്ടിലും ഉള്ളത്. റവന്യു ഭൂമിയിലെ മരങ്ങൾ മുറിച്ചത് സംബന്ധിച്ച് തഹസിൽദാർ നേര്യമംഗലം വില്ലേജ് ഓഫിസറോട് റിപ്പോർട്ട് തേടിയെങ്കിലും സ്ഥലം തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറുടെ സേവനം തേടിയിരിക്കുകയാണെന്ന മറുപടിയാണ് നൽകിയത്.
ഇതിനിടെ ദേശീയപാത അതോറിറ്റി മുറിക്കാനുള്ള മരത്തിൽ രേഖപ്പെടുത്തിയ നമ്പർ മായ്ച്ചു കളഞ്ഞതായി കാട്ടി മരങ്ങൾ ലേലത്തിൽ പിടിച്ച കരാറുകാർ കൃഷിത്തോട്ടം അധികൃതർക്കെതിരെ പൊലീസിൽ പരാതി നൽകി. കൃഷിവകുപ്പ്, ദേശീയപാത അധികൃതർ സ്ഥലത്തെത്തി അന്വേഷണം നടത്തി. വനഭൂമിയിൽ നിന്ന് മരങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് വനം വകുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.