ഭൂതത്താൻകെട്ട് മിനി ജല വൈദ്യുതി പദ്ധതി:എൻ.എച്ച്.പി.സിയുമായി സഹകരിക്കും -മന്ത്രി കെ. കൃഷ്ണൻകുട്ടി
text_fieldsകോതമംഗലം: ഭൂതത്താൻകെട്ട് മിനി ജല വൈദ്യുതി പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൻ.എച്ച്.പി.സിയുമായി (നാഷനൽ ഹൈഡ്രോ പവർ ഇലക്ട്രിക്കൽ കോർപറേഷൻ) ചേർന്ന് നടപടി സ്വീകരിച്ചുവരുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി. ആന്റണി ജോൺ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിടുമ്പോഴും ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി പൂർത്തീകരിച്ച് കമീഷൻ ചെയ്യാൻ സാധിച്ചിട്ടില്ല. 231 കോടി ചെലവഴിച്ച് നിർമിക്കുന്ന 24 മെഗാ വാട്ടിന്റെ പദ്ധതിയിൽ പ്രതിവർഷം 83.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി അടിയന്തരമായി കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ സബ്‌മിഷനിലൂടെ ആവശ്യപ്പെട്ടു.
ഭൂതത്താൻകെട്ട് അണക്കെട്ടിലെ അധിക ജലം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. മഴക്കാലത്ത് ഇവിടെ സംഭരിക്കുന്ന വെള്ളം ഏകദേശം 300 മീറ്റർ നീളവും 28 മീറ്റർ വീതിയുമുള്ള ഒരു കനാലിലൂടെ പമ്പ് ചെയ്ത് എട്ട് മെഗാവാട്ട് വീതം സ്ഥാപിതശേഷിയുള്ള മൂന്ന് ബൾബ് ടർബൈനുകളിലേക്ക് കയറ്റി 24 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിച്ച് പെരിയാറിലേക്ക് തന്നെ ഒഴുക്കിവിടുന്നതാണ് രീതി. ബൾബ് ടർബൈൻ പുതിയ ചൈനീസ് സാങ്കേതിക വിദ്യയാണ്. സിവിൽ വർക്കുകൾ 2021 നവംബറിൽ തന്നെ 99.70 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള സിവിൽ വർക്കുകൾ ഇലക്ട്രോ മെക്കാനിക്കൽ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം മാത്രമേ ചെയ്യാൻ സാധിക്കൂയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.