കണ്ടക്കടവ് പാടശേഖരത്തിലെ ബണ്ട് തകർന്നു ; 20 കുടുംബം ഒറ്റപ്പെട്ടു
text_fieldsപള്ളുരുത്തി: കണ്ടക്കടവ് പാടശേഖരത്തിലേക്കുള്ള വെള്ളം നിയന്ത്രിക്കുന്ന ബണ്ട് തകർന്നു. ബണ്ടും ഇതോട് ചേർത്ത് നിർമിച്ച പാലം ഉൾപ്പെടെ ആറ് മീറ്ററോളം ഭാഗം ഒലിച്ചുപോയതോടെ 20ഓളം കുടുംബം ഒറ്റപ്പെട്ടു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
രാവിലെ മുതൽ ചെറിയ രീതിയിൽ ബണ്ടിലൂടെ വെള്ളം കയറുന്നുണ്ടായിരുന്നു. ഇത് പാടശേഖര സമിതിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. പത്താഴം തകർന്നതിനെ തുടർന്ന് 500ഓളം ഏക്കർ പാടശേഖരത്തിലേക്കാണ് വെള്ളം കുത്തിയൊഴുകിയത്. രണ്ടുകര തമ്മിലുള്ള ബന്ധം പത്തായവും പാലവും തകർന്നതോടെ നിലച്ചു. ഇതോടെ കാട്ടുപുറം ഭാഗത്തെ കുടുംബങ്ങൾ ഒറ്റപ്പെട്ടതോടെ മുതിർന്നവർക്ക് ജോലിക്ക് പോകാനും കുട്ടികൾക്ക് വിദ്യാലയത്തിൽ പോകാനും കഴിയാത്ത അവസ്ഥയായി. ചില വീടുകളിലേക്ക് വെള്ളവും കയറിയിട്ടുണ്ട്.
ഏപ്രിൽ 30ന് ശേഷമാണ് മത്സ്യകൃഷി അവസാനിപ്പിച്ച് ബണ്ട് കെട്ടിയത്. ചിറ ഉറക്കുന്നതിന് മുമ്പ് വെള്ളം പൂർണമായി വറ്റിച്ചത് ബണ്ട് തള്ളിപ്പോകാൻ കാരണമായതായി നാട്ടുകാർ പറഞ്ഞു. ഒരു നെല്ല് ഒരു മീൻ പദ്ധതി പ്രകാരം മത്സ്യകൃഷി അവസാനിച്ചാൽ പൊക്കാളി കൃഷിക്ക് നിലമൊരുക്കണം. ഹൈകോടതിയും ഇക്കാര്യം നിർദേശിച്ചിരുന്നു. പാടശേഖര സമിതി വേണ്ടത്ര ബലപ്പെടുത്താതെ നിർമിച്ചതുകൊണ്ടാണ് ബണ്ട് തള്ളിപ്പോയതെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവസ്ഥലം കെ.ജെ. മാക്സി എം.എൽ.എ, തഹസിൽദാർ എന്നിവർ സന്ദർശിച്ചു. എത്രയും വേഗം ബണ്ട് പുനർനിർമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. യാത്ര സൗകര്യത്തിന് ബദൽ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സബ് കലക്ടർ പി. വിഷ്ണു രാജ് സ്ഥലം സന്ദർശിച്ച് വെള്ളം വറ്റിക്കാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.