ചന്ദ്രമതിയും സരസ്വതിയും ഇനി പീസ് വാലിയിൽ
text_fieldsകോതമംഗലം: എഴുപത് വർഷം ജീവിച്ച വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു. പീസ് വാലി ഭാരവാഹികൾ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുത്തപ്പോൾ മുഖത്ത് ആശ്വാസത്തിെൻറ ചെറുചിരി വിടർന്നു. മരട് നെട്ടൂരിൽ തകർന്നുവീഴാറായ വീട്ടിൽ കഴിഞ്ഞിരുന്ന അവിവാഹിതരായ വയോസഹോദരിമാരെ ഏറ്റെടുക്കാൻ കോതമംഗലം പീസ് വാലി അധികൃതർ എത്തിയപ്പോഴായിരുന്നു ഈ വൈകാരിക നിമിഷങ്ങൾ.
തിരുനെട്ടൂർ കോലോടത്ത് വീട്ടിൽ സരസ്വതി (70), ചന്ദ്രമതി (67) എന്നിവരുടെ ദുരവസ്ഥ മാധ്യമങ്ങളിലൂടെയാണ് പുറംലോകം അറിഞ്ഞത്. വല്ലപ്പോഴും അയൽക്കാർ എത്തിച്ചുകൊടുക്കുന്ന ഭക്ഷണമായിരുന്നു ഇവരുടെ ആശ്രയം. തുടയെല്ല് പൊട്ടിയ ചന്ദ്രമതി പൂർണമായും കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇരുവരും. വിഷയത്തിൽ ഇടപെട്ട ഫോർട്ട്‌കൊച്ചി സബ് കലക്ടർ വിഷ്ണുരാജ് കോതമംഗലം പീസ് വാലിയുമായി ബന്ധപ്പെടുകയും പീസ് വാലി അധികൃതർ വയോസഹോദരിമാർക്ക് അഭയം നൽകാൻ തയാറാവുകയുമായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ആസ്റ്റർ -പീസ് വാലി സഞ്ചരിക്കുന്ന ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് എത്തിച്ചത്.
സബ് കലക്ടറുടെ നേതൃത്വത്തിൽ പീസ് വാലി ഭാരവാഹികളായ കെ.എം. അജാസ്, അബ്ദുൽ ഷുക്കൂർ, പി.എം. അഷ്‌റഫ്, പി.എം. ഷമീർ, മെഡിക്കൽ ഓഫിസർ ഡോ. ഹെന്ന, നഴ്സിങ് അസി. മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി സഹോദരിമാരെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ഇവർക്ക് താമസമൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.