ടാർ മിക്സിങ് പ്ലാൻറിലെ മലിനീകരണം; പള്ളി പൂട്ടി വികാരി
text_fieldsകോതമംഗലം: ടാർ മിക്സിങ് പ്ലാൻറിെൻറ പ്രവർത്തനം ദുസ്സഹമായതോടെ പള്ളിയടച്ചു. കവളങ്ങാട് പുലിയൻപാറയിലെ സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളിയാണ് ഞായറാഴ്ച പ്രാർഥനക്കുശേഷം വികാരി ഫാ. പോൾ വിലങ്ങുംപാറ പൂട്ടി താക്കോൽ കൈമാറിയത്.
ടാർ മിക്സിങ് പ്ലാൻറിനെതിരെ ജനകീയ സമരങ്ങൾ അരങ്ങേറിയിരുന്നു. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ പ്രവർത്തിക്കുന്ന പ്ലാൻറിൽനിന്ന് ഉയരുന്ന ശബ്ദവും അസംസ്കൃത വസ്തുക്കളുടെ രൂക്ഷഗന്ധവും പൊടിപടലവും നൂറ് മീറ്ററിൽ താഴെ മാത്രം ദൂരമുള്ള പള്ളിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 160 കുടുംബങ്ങളാണ് ഈ ഇടവകയിലുള്ളത്.
നാലുവർഷം മുമ്പാണ് പള്ളി നിർമിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത ഇടവക വികാരിയെ പൊലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.
ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന വികാരി കഴിഞ്ഞ ദിവസം കുഴഞ്ഞുവീഴുകയും ചെയ്തു. ഒന്നര ഏക്കർ സ്ഥലം 15 വർഷത്തേക്ക് വാടകക്കെടുത്താണ് പ്ലാൻറ് ആരംഭിച്ചിരിക്കുന്നത്. ഇടുക്കി-പനംകുട്ടി റോഡിെൻറ ടാറിങ്ങിന് മാത്രമായി താൽക്കാലിക പ്രവർത്തനാനുമതി നേടിയെടുക്കുകയായിരുന്നു ആദ്യം. സമരങ്ങളും പ്രതിഷേധവും ഉയർന്നതോടെ കോടതി ഇടപെടലിനും വഴിെവച്ചു. പഞ്ചായത്ത് ഭരണസമിതിയാണ് പ്രവർത്തനാനുമതി നൽകേണ്ടതെന്ന് കോടതി നിർദേശിച്ചു.
യു.ഡി.എഫ് ഭരണസമിതിയിലെ മൂന്നംഗങ്ങളും പ്രതിപക്ഷത്തെ ഏഴംഗങ്ങളും പിന്തുണച്ചതോടെ പ്ലാൻറിന് മൂന്നാഴ്ച മുമ്പ് പ്രവർത്തനാനുമതി ലഭിക്കുകയായിരുന്നു. പ്ലാൻറ് പ്രവർത്തനം ആരംഭിച്ചതോടെ ഇവിടത്തുകാരുടെ ജീവിതം ദുസ്സഹമായി. ഏറ്റവുമധികം ബാധിച്ചത് പള്ളിയെയായിരുന്നു. പ്ലാൻറ് പ്രവർത്തിക്കുമ്പോൾ പള്ളിയുടെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.