പശുവിന്റെ ഫോട്ടോയിലെ വ്യത്യാസം: ക്ലെയിം നിഷേധിച്ചതിന് നഷ്ടപരിഹാരം
text_fieldsകോതമംഗലം: പശുവിന്റെ ഫോട്ടോകളിലെ വ്യത്യാസം പറഞ്ഞ് ക്ഷീര കർഷകന് ഇൻഷുറൻസ് കമ്പനി നിരസിച്ച ക്ലെയിമും നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ ഉപഭോക്തൃ കോടതി വിധി. കോതമംഗലം ഇഞ്ചൂർ നിവാസി വേണുരാജൻ നായരാണ് പരാതിക്കാരൻ.
2021 മാർച്ചിൽ വാരപ്പെട്ടി ഗവ. മൃഗാശുപത്രിയിൽ ഗോസമൃദ്ധി 2020-21 എന്ന പദ്ധതിയിൽ ചേർന്ന് തന്റെ പശുവിനെ ഇൻഷുർ ചെയ്തു. ഇതിന്റെ ഭാഗമായി കോതമംഗലത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 16,664 രൂപ അടക്കുകയും ചെയ്തു. കുറച്ച് മാസങ്ങൾക്കുശേഷം പശു രോഗബാധ മൂലം വീണുപോയി. തുടർന്ന് ഉടമ വാരപ്പെട്ടി ഗവ. മൃഗാശുപത്രിയിലെ ഡോ. റോബിൻ ജെ.പോളിനെ പശുവിന്റെ രോഗവിവരങ്ങൾ അറിയിക്കുകയും പത്ത് ദിവസങ്ങളോളം ചികിത്സിക്കുകയും ചെയ്തു.
തിരുവനന്തപുരത്തുള്ള ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയെ വിവരം അറിയിക്കുകയും അവരുടെ പാനൽ ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, കോവിഡ് നിയന്ത്രണമുള്ളതിനാൽ ലഭ്യമാക്കാനാവില്ലെന്നും പശുവിനെ തൊഴുത്തിൽനിന്ന് നീക്കാനും നിർദേശിച്ചു. പശുവിന്റെ ഫോട്ടോയെടുത്ത് രേഖകൾ സഹിതം അയക്കാനും ആവശ്യപ്പെട്ടു. എല്ലാ രേഖകളും എത്തിച്ച് നൽകുകയും ചെയ്തു. ഇൻഷുറൻസ് ക്ലെയിമിനായി പരാതിക്കാരൻ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ നിരസിക്കുകയായിരുന്നു.
60,000 രൂപക്കാണ് പശുവിനെ ഇൻഷുർ ചെയ്തിരുന്നതെങ്കിലും പി.ടി.ഡി വിഭാഗത്തിൽപെടുന്ന പശുവായതിനാൽ തുകയുടെ 75 ശതമാനത്തോളം മാത്രമേ ഉടമക്ക് ലഭിക്കുകയുള്ളൂ. ഈ തുകയും ഇൻഷുറൻസ് കമ്പനി നൽകാൻ തയാറായില്ല. ഇൻഷുർ ചെയ്യുന്ന വേളയിൽ എടുത്ത ഫോട്ടോയും പശു വീണുപോയപ്പോൾ എടുത്ത ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെന്നാരോപിച്ചാണ് ക്ലെയിം നിരസിച്ചത്. ഇതിനെതിരെ ഡിസംബർ 15ന് വേണു ജില്ല ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ കേസിലാണ് 45,000 രൂപ ക്ലെയിമും 15,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും നൽകാൻ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.