കോതമംഗലം സ്റ്റാൻഡിൽ ബസുകൾക്കും യാത്രക്കാർക്കും ദുരിതം
text_fieldsകോതമംഗലം: നഗരസഭ ബസ് സ്റ്റാൻഡിലെ അശാസ്ത്രീയ നിർമാണം ബസുകൾക്കും യാത്രക്കാർക്കും 'പണി'യാകുന്നു. സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ കുഴിയിൽ വീണ് കേടുപാടുകൾ സംഭവിക്കുന്നതും യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും നിത്യസംഭവം. വർഷത്തിൽ 10 ലക്ഷത്തിലധികം തുക ബസ് പാർക്കിങ്ങ് ഇനത്തിൽ നഗരസഭക്ക് ലഭിക്കുന്നുണ്ട്.
അറ്റകുറ്റപ്പണി ഇനത്തിൽ സ്വകാര്യ ബസുകൾക്ക് ഏറെ പണം ചെലവഴിക്കേണ്ട സാഹചര്യമാണ് നിലവിൽ. ബസ് കുഴിയിൽ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്. തിരക്കേറിയ കോതമംഗലം മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിലാണ് അശാസ്ത്രീയ നിർമാണം യാത്രക്കാർക്കും ജീവനക്കാർക്കും ദുരിതമായത്.
പലയിടത്തും കോൺക്രീറ്റ് പൊട്ടി കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായി. ബസുകളെത്തുമ്പോൾ മലിനജലം യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് പതിവാണ്. നഗരസഭ കംഫർട്ട് സ്റ്റേഷനുവേണ്ടി പുതിയ ടാങ്ക് നിർമിച്ചതിലെ അശാസ്ത്രീയതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.
ദീർഘവീക്ഷണമില്ലാതെ സ്റ്റാൻഡിലെ കോൺക്രീറ്റ് നിരപ്പിൽനിന്നും രണ്ടടിയോളം ഉയരത്തിൽ ടാങ്ക് നിർമിച്ചതാണ് അപകടങ്ങൾക്ക് കാരണം. യാത്രക്കാരുമായി എത്തുന്ന ബസുകൾ ടാങ്കിന് മുകളിലൂടെ കയറി ഇറങ്ങുമ്പോൾ ബസുകളുടെ പിൻഭാഗം ടാങ്കിൽ തട്ടി യാത്രക്കാർക്ക് നടുവിന് ക്ഷതവും ബസുകളുടെ പ്ലേറ്റ് ഒടിയുന്നതും പിൻഭാഗത്തെ ബോഡിയും ചവിട്ട് പടിയും തകരാറിലാകുന്നതും പതിവാണ്.
സ്റ്റാൻഡിലെ കേടുപാടുകൾ തീർക്കാത്തപക്ഷം ജനകീയ പ്രതിഷേധം നടത്തുമെന്ന് മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന വൈസ് ചെയർമാൻ മനോജ് ഗോപിയും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ കോതമംഗലം മേഖല സെക്രട്ടറി സി.ബി. നവാസും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.