ഊരുകളിലെ നൊമ്പരങ്ങളറിഞ്ഞ് കലക്ടർ
text_fieldsകോതമംഗലം: ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ നേരിട്ടറിയാനായി കലക്ടർ ജാഫർ മാലിക് കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ, തലെവച്ചപാറ ആദിവാസി കോളനികളിലെത്തി. ആദിവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ കലക്ടർ ചോദിച്ചറിഞ്ഞു. ജില്ലയിൽ ചുമതലയേറ്റശേഷം ആദ്യമായി ഊരിലെത്തിയ കലക്ടറെ കോളനിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു.
ഊരിൽനിന്ന് ബ്ലാവന കടത്തിലെത്താൻ റോഡ് സൗകര്യമില്ല. കടത്ത് കടന്നുവേണം മഴക്കാലത്തും യാത്ര ചെയ്യാൻ. അതിനാൽ റോഡ് സൗകര്യവും പാലവും അനിവാര്യമാണ്.
വൈദ്യുതിയും ടവറും ഇൻറർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും അവതാളത്തിലാണ്. രൂക്ഷമായ കാട്ടാനശല്യം മൂലം കൃഷി നശിക്കുകയാണ്. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ ആരംഭിക്കണം. ഹോസ്റ്റലുകൾ തുറക്കാത്തതിനാൽ വിദ്യാർഥികളുടെ വിദ്യാഭ്യാസം നിലക്കുന്ന സ്ഥിതിയാണ് തുടങ്ങിയ പ്രശ്നങ്ങൾ കലക്ടറോട് പങ്കുവെച്ചു. റോഡുകളുടെ വികസനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർക്ക് നിർദേശം നൽകി. ആത്മഹത്യാ പ്രവണത വർധിക്കുന്നത് തടയാനായി കുടുംബശ്രീ മുഖേന കൗൺസലിങ് നൽകും.
ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് വേണ്ട നിർദേശങ്ങളും നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകൾ ചേർന്ന് നടപടി സ്വീകരിക്കുമെന്നും കലക്ടർ പറഞ്ഞു.
കുഞ്ചിപ്പാറ ഏകാധ്യാപക വിദ്യാലയം സന്ദർശിച്ച് വിദ്യാർഥികളുമായും കലക്ടർ സംവദിച്ചു. മാസ്ക് വിതരണവും നടത്തി. മലയാറ്റൂർ ഫോറസ്റ്റ് ഓഫിസർ രവികുമാർ മീണ, അസി. കലക്ടർ സചിൻകുമാർ യാദവ്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, എൽ.ആർ തഹസിൽദാർ കെ.എം. നാസർ, ട്രൈബൽ ഡെവലപ്മെൻറ് ഓഫിസർ അനിൽ ഭാസ്കർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.