ദുരന്ത ഭീതിയിൽ യാത്രക്കാർ നിലംപൊത്താറായി ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsകോതമംഗലം: ഊന്നുകല്ലിൽ വാഹനമിടിച്ച് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഏത് സമയത്തും നിലംപൊത്താൻ സാധ്യത. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ഊന്നുകൽ മൃഗാശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായിട്ട് ഒരു മാസത്തിന് മുകളിലായി. ഏപ്രിലിൽ ഇരിങ്ങാലക്കുട സ്വദേശിയായ പള്ളി വികാരി ഓടിച്ച ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറിയിരുന്നു.
ഇതിൽകോൺക്രീറ്റ് ബിൽഡിങ്ങിന്റെ സംരക്ഷണ ഭിത്തി പകുതിയോളം തകരുകയും ബാക്കിയുള്ള ഭിത്തികൾ വാർക്കയിൽ നിന്ന് വിണ്ടുകീറി അകന്ന് നിൽക്കുകയുമാണ്.
സംരക്ഷണഭിത്തി തകർന്നതോടെ ഏത് സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. തേങ്കോട്, വെള്ളാമക്കുത്ത് പ്രദേശവാസികളും ഊന്നുകൽ മൃഗാശുപത്രിലെത്തുന്നവരടക്കം നൂറുകണക്കിനാളുകൾ ഉപയോഗിച്ചുവരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്. എത്രയും പെട്ടെന്ന് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി കാൽനടക്കാർ ഉൾപ്പെടെയുള്ളവരുടെ ജീവൻ സംരക്ഷിക്കണമെന്ന് ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ (എച്ച്.എം.എസ്.) കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി അധ്യക്ഷത വഹിച്ചു. സി.കെ. നാരായണൻ, സോമൻ കളരിക്കുടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.