ഭക്ഷ്യവിഷബാധ: ഗ്രീൻവാലി പബ്ലിക് സ്കൂളിൽ ആരോഗ്യവകുപ്പ് പരിശോധന
text_fieldsകോതമംഗലം: ഭക്ഷ്യവിഷബാധെയ തുടർന്ന് കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന. ഓണാഘോഷത്തിൽ വിളമ്പിയ പായസവും സ്കൂളിലെ കുടിവെള്ളവുമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച സ്കൂളിൽ വിദ്യാർഥികൾക്ക് പായസം വിതരണം ചെയ്തിരുന്നു. ഏഴുപതോളം വിദ്യാർഥികളാണ് കടുത്ത പനിയും ഛർദിയും വയറിളക്കവും ബാധിച്ച് കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കോലഞ്ചേരി തുടങ്ങിയിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. രണ്ടുപേരേ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. സ്കൂൾ വളപ്പിലെ കുഴൽകിണറിലെ വെള്ളം സ്കൂൾ കെട്ടിടത്തിന് മുകളിലെ തുറസായ ടാങ്കിൽ നിറച്ച് ശുദ്ധീകരിക്കാതെയാണ് പൈപ്പ് വഴി വിദ്യാർഥികൾക്ക് നൽകിയിരുന്നത്. ഈ കിണറ്റിലെ വെള്ളത്തെക്കുറിച്ചും ടാങ്കിൽ പായൽ നിറഞ്ഞുകിടക്കുന്ന അവസ്ഥയെക്കുറിച്ചും മാതാപിതാക്കൾ മാനേജ്മെന്റിനോട് പരാതി പറഞ്ഞെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. ജില്ല മെഡിക്കൽ ഓഫിസറുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ജലത്തിന്റെ സാമ്പിളുകൾ പരിശോധനക്കെടുത്തിട്ടുണ്ട്. പരിശോധന സംഘത്തിൽ ചെറുവട്ടൂർ മെഡിക്കൽ ഓഫിസർ ഡോ. അശോക് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ടി. മനോജ്, പി.എൽ. വിനോദ് എന്നിവർ നേതൃത്വം നൽകി.
അതിനിടെ, സ്കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കിണറിൽനിന്നാണ് വിദ്യാർഥികൾക്ക് കുടിക്കാൻ വെള്ളമെടുക്കുന്നതെന്ന് സ്കൂൾ അധികൃതർ അവകാശപ്പെട്ടു. ഇതോടെ ഈ വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുക്കാൻ ഉദ്യോഗസ്ഥർ മുതിർന്നു. എന്നാൽ, ഇത് ശരിയല്ലെന്നും അധ്യാപകർക്കും ജീവനക്കാർക്കുമായി ഏതാനും പാത്രം വെള്ളം മാത്രമാണ് എടുക്കുന്നതെന്ന് ഉടമ വ്യക്തമാക്കിയതോടെ സാമ്പിൾ ശേഖരിക്കരുതെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തുവന്നത് നാടകീയ രംഗങ്ങൾക്കിടയാക്കി. സ്കൂൾ അധികൃതർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ല മെഡിക്കൽ ഓഫിസർ വ്യാഴാഴ്ച സ്കൂൾ സന്ദർശിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.