കൊച്ചി -മധുര ദേശീയ പാത: 400 മീറ്ററിനുള്ളിൽ നാല് കൊടുംവളവുകൾ
text_fieldsകോതമംഗലം: കൊച്ചി -മധുര ദേശീയ പാതയിൽ വളവ് നിവർത്താൻ ഫണ്ട് അനുവദിച്ച് പണി പൂർത്തികരിച്ചിട്ടും വളവുകൾ ബാക്കി. കോതമംഗലത്തിനും നെല്ലിമറ്റത്തിനുമിടയിൽ 400 മീറ്ററിനിടയിൽ നാല് കൊടും വളവുകളാണുള്ളത്.
കുത്തുകുഴി കത്തോലിക്ക പള്ളി ചാപ്പൽ, കോളനിപ്പടി, ബസ് സ്റ്റോപ്, കലാഗൃഹം എന്നിവിടങ്ങളിലാണ് അപകട വളവുകൾ. കക്കടാശ്ശേരി മുതൽ ഇരുമ്പുപാലം വരെയുള്ള വളവുകൾ നികത്തുന്നതിന് രണ്ട് വർഷം മുമ്പ് ഫണ്ട് അനുവദിച്ച് പണി പൂർത്തിയാക്കിയതാണ്. നാല് വളവുകളിലായി 5 വർഷത്തിനിടെ 20 ൽ പരം പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർക്കു മാത്രം അനക്കമൊന്നുമില്ല. നടത്തറ ബേബിയുടെ മകൻ ബേസിൽ, മീൻ വണ്ടിമറിഞ്ഞ് തൃശൂർ അയ്യത്തോൾ സ്വദേശി യാക്കൂബ്, തലക്കോട് സ്വദേശനി വീട്ടമ്മ ഫിലോമിന തുടങ്ങിയവർ ഇവിടെ അപകടത്തിൽ മരണപ്പെട്ടവരാണ്. ഇടക്കിടെ സംഭവിക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റിയവർ അതിലുമേറെ വരും.
ദേശീയപാതയിലെ ദുരന്തം വിതയ്ക്കുന്ന വളവുകൾ നിവർത്തുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. റോഡ് വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് ശേഷവും വളവുകൾ നിവർത്താൻ അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ നാട്ടുകാർ രോഷാകുലരാണ്. ഇനി ഒരപകടം കൂടി ആവർത്തിക്കപ്പെടരുതേ എന്ന പ്രാർഥനക്കൊപ്പം അങ്ങനെയൊന്ന് സംഭവിച്ചാൽ റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.