സ്റ്റോപ് മെമ്മോ കാറ്റില്‍പറത്തി മണ്ണെടുപ്പ്; സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ തടഞ്ഞു
text_fieldsകോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ സ്റ്റോപ് മെമ്മോ നിലനില്‍ക്കുന്ന മേതല ഒന്നാം വാര്‍ഡിലെ സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ഏക്കര്‍കണക്കിന് ഭൂമിയില്‍ അവധി മറയാക്കി മണ്ണെടുക്കാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള നീക്കം സി.പി.എം നെല്ലിക്കുഴി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. സ്വകാര്യ ട്രസ്റ്റിന് കീഴില്‍ കേസ് നിലവിലുള്ള ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇൻഡസ്ട്രിയല്‍ പാര്‍ക്കിനെന്ന പേരില്‍ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമമാണ് തടഞ്ഞത്.
നൂറുമീറ്റര്‍ ഉയരമുള്ള മലയിടിച്ച് മണ്ണ് മാറ്റുന്നതോടെ പ്രദേശത്തിന്‍റെ ആവാസവ്യവസ്ഥക്കുതന്നെ മാറ്റംവരുകയും ഇതിന് താഴ്ഭാഗങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യും. ഭൂരഹിതര്‍ക്കായി സര്‍ക്കാര്‍ കണ്ടെത്തിയ ആറേക്കറോളം വരുന്ന ഭൂമി ഇതിനോട് ചേർന്നാണ്. മണ്ണെടുപ്പ് വിവാദമായതിനെത്തുടർന്ന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അടിയന്തര കമ്മിറ്റി കൂടി മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയും സ്റ്റോപ് മെമോ നല്‍കുകയും ചെയ്തിരുന്നു. ഇത് മറികടന്നാണ് തുടരെയുള്ള അവധിദിനങ്ങള്‍ മറയാക്കി മണ്ണെടുപ്പും മറ്റ് നിർമാണ പ്രവര്‍ത്തനങ്ങളും നടത്തിയത്.
കോതമംഗലം ഏരിയ കമ്മിറ്റി അംഗം കെ.എം. പരീത്, സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സഹീര്‍ കോട്ടപ്പറമ്പില്‍, ജില്ല പഞ്ചായത്ത് അംഗം റഷീദ സലീം, വാര്‍ഡ് അംഗം ടി.എം. അബ്ദുല്‍ അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.