പട്ടയം കിട്ടാക്കനിയായി 500ലേറെ കുടുംബങ്ങൾ
text_fieldsകോതമംഗലം: പട്ടയമേളകൾക്ക് പഞ്ഞമില്ലാത്ത നാട്ടിൽ പട്ടയം കിട്ടാക്കനിയായി ഒരു കൂട്ടം ആളുകൾ. കുടിയേറി അരനൂറ്റാണ്ട് പിന്നിട്ടിട്ടും വടാട്ടുപാറയിലെ അഞ്ചാം വാർഡിൽ കഴിയുന്നവർക്കാണ് പട്ടയമില്ലാത്തത്. ഇത്തരത്തിൽ 500ൽപരം കുടുംബങ്ങളാണ് ഇവിടെയുള്ളത്. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട വടാട്ടുപാറ, പലവൻപടി പ്രദേശത്തുള്ളവരാണ് പട്ടയത്തിനുവേണ്ടി പതിറ്റാണ്ടുകളായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്നത്. കൂലിപ്പണിക്കാരും ചെറുകിട കർഷകരുമായ ഈ കുടുംബങ്ങൾക്ക് പട്ടയമില്ലാത്തതിനാൽ സർക്കാറിെൻറ ആനുകൂല്യങ്ങൾ പലതും നിഷേധിക്കപ്പെടുകയാണ്. പട്ടയമില്ലാത്തതിനാൽ പതിറ്റാണ്ടുകളായി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമിയിൽ ഇവർക്ക് അവകാശം നിഷേധിച്ചിരിക്കുകയാണ്. ഇവർ വിളയിച്ചെടുക്കുന്ന കാർഷിക വിളകൾ വന്യമൃഗങ്ങൾ കൊണ്ടുപോകും.
ചുരുക്കത്തിൽ ഒന്നും സ്വന്തമായില്ലാത്ത അഞ്ഞൂറോളം കുടുംബങ്ങൾ അഞ്ചു പതിറ്റാണ്ടായി സർക്കാറിെൻറ കനിവിനായി കാത്തിരിക്കുകയാണ്. രേഖകൾ ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വായ്പകൾവരെ നിഷേധിക്കപ്പെടുകയാണ്. പട്ടയ നടപടികളുടെ ഭാഗമായി ജോയൻറ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിച്ചെങ്കിലും വെരിഫിക്കേഷന് നേതൃത്വം നൽകിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ ഒപ്പ് വെക്കാത്തതാണ് ഈ കുടുംബങ്ങൾക്ക് വിനയായത്. ഉേദ്യാഗസ്ഥ പിഴവ് തിരുത്തിക്കിട്ടാൻ ഇവർ മുട്ടാത്ത വാതിലുകളില്ല. വീണ്ടുമൊരു ജോയൻറ് വെരിഫിക്കേഷൻ നടത്തുകയെന്നതാണ് പരിഹാരം.
ഇതിന് സർക്കാർ നടപടി സ്വീകരിക്കണം. എന്നാൽ, മുമ്പ് നടന്ന പരിശോധന റിപ്പോർട്ടിൽ ഒപ്പ് വെക്കാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ ഒപ്പ് വെപ്പിക്കുന്നതിനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്നത്. ഇത് എങ്ങനെ നടപ്പാകുമെന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.