എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം 87 ലേക്ക്
text_fieldsകോതമംഗലം: എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം 87ന്റെ നിറവിൽ. പെരിയാറിന് കുറുകെയുള്ള പാലം ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച് പാലമാണ്. 1935 മാർച്ച് രണ്ടിന് തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണ് പാലം ഉദ്ഘാടനം ചെയ്തത്. രണ്ടു മഹാപ്രളയങ്ങളെയാണ് കമാന ആകൃതിയിൽ നിർമിച്ചിരിക്കുന്ന പാലം അതിജീവിച്ചത്.
1924ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം 10 വർഷമെടുത്താണ് പൂർത്തീകരിച്ചത്. കൊച്ചിയിൽനിന്ന് തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. ആലുവ -മൂന്നാർ രാജപാത എന്നാണ് ഇതറിയപ്പെടുന്നത്. ഹൈറേഞ്ചിൽനിന്ന് സുഗന്ധ വ്യഞ്ജനങ്ങളടക്കം കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാതയിലൂടെയായിരുന്നു.
പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിൽ ഉണ്ടായിരുന്നില്ല. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ൽ ഉണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് റോഡ് നാമാവശേഷമാകുകയും പൂയംകുട്ടി മുതൽ മാങ്കുളംവരെയുള്ള പാത തകർന്നടിയുകയും ചെയ്തു. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ്‌വേയും പ്രളയത്തിൽ നശിച്ചു.
കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന്, ആലുവ മുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മിഭായിയാണ് ഉത്തരവിട്ടത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച് സ്പാനുകളിലായാണ് പാലം നിലകൊള്ളുന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമാണം.1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പ്രൗഢിയിൽ ഒട്ടും കുറവ് വരാതെ നേര്യമംഗലത്തിന്‍റെ തലയെടുപ്പായി ഈ പാലം നിലകൊള്ളുകയാണ്. വലിയ വാഹനങ്ങൾക്ക് ഇരു ദിശയിലും കടന്നു പോകാനുള്ള വീതി ഇല്ലാത്ത പാലം ഗതാഗതക്കുരുക്കിന്‍റെ പ്രധാന ഇടം കൂടിയാണിപ്പോൾ. സമാന്തരപാലം നിർമിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ ഇപ്പോഴും കണ്ണ് തുറന്നിട്ടില്ല. കൊച്ചി-മധുര ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ നടക്കുമ്പോഴും പാലം അവഗണിക്കപ്പെട്ട നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.