ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് വഴി നിഷേധിച്ചതിൽ പ്രതിഷേധം
text_fieldsകോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ ഇരമല്ലൂർ വില്ലേജിൽ ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് വഴി നിഷേധിച്ചതായി യു.ഡി.എഫ് ആരോപണം. സ്ഥലം സന്ദർശിച്ച യു.ഡി.എഫ് ജനപ്രതിനിധികൾ അവിടെ കൊടികുത്തി പ്രതിഷേധിച്ചു. ഒന്നാം വാർഡിലെ പാഴൂർ മോളം കോട്ടച്ചിറ പ്രദേശത്ത് റബർതോട്ടത്തിന് ചേർന്ന അഞ്ച് ഏക്കർ 90 സെന്റ് സ്ഥലം 2010-15 കാലഘട്ടത്തിൽ റവന്യൂ വകുപ്പ് അളന്ന് തിരിച്ച് പഞ്ചായത്തിലുള്ള ഭൂരഹിതർക്ക് വിതരണം ചെയ്യാൻ മാറ്റിവെച്ചിരിക്കുന്നതാണ്.
ഈ സ്ഥലം ഏറ്റെടുത്ത് ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിന് പകരം ഇതിനോട് ചേർന്നുകിടക്കുന്ന 34 ഏക്കറോളം വരുന്ന സ്ഥലം കുത്തക വ്യവസായികൾക്ക് സ്ഥാപനം തുടങ്ങാനുള്ള അനുമതിയുമായി പഞ്ചായത്ത് ഭരണ സമിതി മുന്നോട്ടു പോകുകയാണ്. ഇതിലൂടെ ഇവിടേക്ക് വഴി അടയും.
പ്ലൈവുഡ് കമ്പനികളും പശ കമ്പനികളും ഉൾപ്പെടെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാവുന്ന വ്യവസായ യൂനിറ്റുകൾ ആരംഭിക്കുന്നതിനാണ് പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നതെന്നാണ് യു.ഡി.എഫ് ആരോപണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, പഞ്ചായത്ത് അംഗങ്ങളായ എം.വി. റെജി, നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്, ഷഹന ഷെരീഫ്, യു.ഡി.എഫ് നേതാക്കളായ പി.എം. ഷെമീർ, പരീത് പട്ടമ്മാവുടി, മുഹമ്മദ് കൊളത്താപ്പിള്ളി, അജീബ് ഇരമല്ലൂർ, പി.എ. ഷിഹാബ്, കെ.എം. കുഞ്ഞുബാവ, ഇബ്രാഹിം എടയാലി, നൗഷാദ് ചിറ്റേത്തുക്കുടി, ഷിനാജ് വെട്ടത്തുക്കുടി, സലിം പേപ്പതി, കെ.പി. കുഞ്ഞ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.