എസ്.ഐയെ ‘കാണാതായി’; വലഞ്ഞ് പൊലീസും വീട്ടുകാരും
text_fieldsകോതമംഗലം: ജോലിക്കായി സ്റ്റേഷനിലേക്ക് പുറപ്പെട്ട എസ്.ഐയെ കാണാതായതിനെത്തുടർന്ന് രണ്ടുദിവസം വലഞ്ഞ് പൊലീസും വീട്ടുകാരും.
കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പൈങ്ങോട്ടൂർ മാമുട്ടത്ത് ഷാജി പോളിനെയാണ് (53) ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായത്. ചൊവ്വാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് വീട്ടിൽനിന്ന് കോതമംഗലത്തിന് പുറപ്പെട്ട ഷാജി അങ്ങോട്ട് പോകാതെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത് സ്വന്തം ബൈക്കിൽ തൊടുപുഴക്ക് പോവുകയായിരുന്നു. ജോലിക്കെത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ഷാജിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു.
വീട്ടുകാർ ആളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ ബന്ധുക്കൾ പോത്താനിക്കാട് സ്റ്റേഷനിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ബുധനാഴ്ച തൊടുപുഴ ഭാഗത്തുനിന്ന് ടവർ സിഗ്നൽ ലഭിച്ചതോടെ പൊലീസ് തൊടുപുഴയിൽ എത്തിയെങ്കിലും ഫോൺ ഓഫ് ചെയ്ത് ഇവിടെനിന്ന് മാറിയിരുന്നു. മൂവാറ്റുപുഴ ടൗണിലെ പേ ആൻഡ് പാർക്കിൽ ബൈക്ക് വെച്ച് ബസിൽ മൂന്നാറിന് പോവുകയായിരുന്നു. രാത്രി ഒമ്പതോടെ മൂന്നാറിലുണ്ടെന്ന് ടവർ ലൊക്കേഷൻ ലഭിച്ചതോടെ പൊലീസ് മൂന്നാറിലെത്തി ഇയാളെ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ പോത്താനിക്കാട് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്ത് കോതമംഗലം കോടതിയിൽ ഹാജരാക്കി. അവധി ലഭിക്കാത്തതും ജോലിഭാരവും തുടർച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വന്നതുമൂലമുണ്ടായ മാനസിക സമ്മർദവുമാണ് മാറിനിൽക്കാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.