അടിയോടി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാൻ നടപടി ആരംഭിച്ചു
text_fieldsകോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കിനെ ഭൂതത്താൻകെട്ട് അനുബന്ധ ടൂറിസം കേന്ദ്രമായി മാറ്റാനുള്ള നടപടികൾക്ക് തുടക്കം.
ഇതിന്റെ ഭാഗമായി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേം ഭാസ്, ടൂറിസം പ്രോജക്ട് എൻജിനീയർ എസ്. ശ്രീജ, ടൂറിസം പ്രമോഷൻ കൗൺസിൽ ഇൻഫർമേഷൻ അസിസ്റ്റൻറ് സോമു കെ. തോമസ് ഉൾപ്പെടുന്ന സംഘം സന്ദർശനം നടത്തി. പാർക്കിന്റെ ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവത്കരണവും വാർഡംഗം എസ്.എം. അലിയാരുമായി ചർച്ച നടത്തി.
ജില്ല പഞ്ചായത്തംഗം റഷീദ സലിം ഫണ്ട് അനുവദിച്ച് സ്ഥാപിച്ച ഓപൺ ജിമ്മും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മിനി ഡാം സൈറ്റിലെ തുരുത്തുപോലുള്ള സ്ഥലത്തിന്റെ മനോഹാരിതയും വൈവിധ്യമുള്ള മരങ്ങളും തണലും കാറ്റും സംഘത്തിന് ഏറെ ഇഷ്ടപ്പെട്ടു. ടൂറിസത്തിന് വലിയ സാധ്യതകളുണ്ടെന്ന് സംഘം അഭിപ്രായപ്പെട്ടു.
വിപുലമായ പ്രോജക്ട് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. അടിയോടി മെയിൻ കനാലിന് കുറുകെ അണകെട്ടിയാണ് മൂന്ന് കനാലുകളിലൂടെ ജല സേചനത്തിന് വെള്ളം ഒഴുക്കുന്നത്. പാർക്കിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ മിനി ജലവൈദ്യുതി ഉൽപാദന കേന്ദ്രവും പ്രവർത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ഇതിലെ വൈദ്യുതി ഉപയോഗിച്ച് ഓയിൽ മിൽ പ്രവർത്തിപ്പിക്കും അധിക വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകും.
അടിയോടി മിനി ഡാമിലെ വെള്ളം ഒരേ സമയം ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനും ഉപയുക്തമാക്കാൻ ഈ പദ്ധതിക്ക് കഴിയും. ഭൂതത്താൻകെട്ട്, ചെങ്കര, ചെമ്മീൻകുത്ത്, മുത്തംകുഴി കനാൽ ബണ്ട് റോഡുകൾ സുരക്ഷാവേലി നിർമിച്ചും പാതയോര വിളക്കുകൾ സ്ഥാപിച്ചും സുരക്ഷിതമാക്കും. ജലസേചന വകുപ്പിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി കിടക്കുന്ന സ്ഥലങ്ങളിൽ അലങ്കാര ഇല്ലികളും പൂച്ചെടികളും വൃക്ഷങ്ങളും നട്ട് മനോഹര പച്ചതുരുത്തുകൾ നിർമിച്ച് വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കും.
അടിയോടിയിൽ നിന്ന് രണ്ടായി പിരിയുന്ന ലോ ലെവൽ കനാൽ റോഡ് പുലിമല ചർച്ച് ജങ്ഷനുമായും ഹൈലവൽ കനാൽ റോഡ് അയിരൂർപാടം പള്ളിക്കവല, ജാസ് പബ്ലിക് ലൈബ്രറി ജങ്ഷനുമായും ബന്ധിപ്പിക്കും. ഫാം ടൂറിസത്തിന് വലിയ സാധ്യതകളുള്ള പുലിമല, അയിരൂർ പാടം, മുത്തംകുഴി, ചെമ്മീൻ കുത്ത്, ചെങ്കര, ഭൂതത്താൻകെട്ട്, മാലിപ്പാറ, വേട്ടാമ്പാറ, ആനോട്ടുപാറ പ്രദേശങ്ങളിലെ മികച്ച വൈവിധ്യമുള്ള ഫാമുകളെ ബന്ധിപ്പിച്ച് ഫാം ടൂറിസം സർക്യൂട്ട് തയാറാക്കുമെന്നും വാർഡ് മെംബർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.