തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസമേഖല ഒഴിവാക്കലിൽ വിവാദം
text_fieldsകോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിർത്തി പുനർനിർണയം സംബന്ധിച്ച് വിവാദം. കോതമംഗലം എം.എൽ.എ ആന്റണി ജോണും പരിസ്ഥിതി സംഘടനകളുമാണ് വിരുദ്ധ വാദങ്ങളുമായി രംഗത്തെത്തിയത്. ബുധനാഴ്ച ചേർന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേത വിഷയം പരിഗണനക്കെത്തിയെന്നും തത്ത്വത്തിൽ അംഗീകാരമായെന്നുമാണ് എം.എൽ.എ പറയുന്നത്. എന്നാൽ, ഇക്കാര്യം പരിഗണിച്ചിട്ടില്ലെന്നാണ് പരിസ്ഥിതി സംഘടനകൾ യോഗത്തിന്റെ അജണ്ട അടക്കം പുറത്തുവിട്ട് വ്യക്തമാക്കുന്നത്. ബുധനാഴ്ച ചേർന്ന യോഗത്തിൽ വിഷയം പരിഗണനക്ക് എത്താതിരുന്നത് സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണെന്നും പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തുന്നു.
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ ഉള്ളിലുള്ള ഒമ്പത് ചതുരശ്ര കി.മീ. ജനവാസ മേഖല പൂർണമായി ഒഴിവാക്കി 10.1694 ചതുരശ്ര കി.മീ. വനപ്രദേശം മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റേഞ്ചിൽനിന്ന് തട്ടേക്കാട് പക്ഷിസങ്കേതത്തോട് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചിരുന്നു. ഇത് തുടർനടപടികൾക്കായി സർക്കാർ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന് സമർപ്പിച്ചിരുന്നു.
ജനവാസ മേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശിപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്ത്വത്തില്‍ അംഗീകരിച്ചതായാണ് എം.എൽ.എയുടെ അവകാശവാദം. വിഷയത്തില്‍ തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘം സ്ഥലപരിശോധന നടത്തും. വസ്തുതകള്‍ പരിശോധിച്ച ശേഷം കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ വീണ്ടും പരിഗണിക്കുമെന്നും എം.എൽ.എ പറഞ്ഞു. അതിനുശേഷം വനം വകുപ്പിന്റെ ക്ലിയറന്‍സ് കൂടി ലഭ്യമാകേണ്ടതുണ്ട്. ജനവാസമേഖല ഒഴിവാക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് ഉറപ്പുനൽകിയതായും എം.എൽ.എ പറഞ്ഞു.
എന്നാൽ, ദേശീയ വന്യജീവി ബോർഡ് യോഗത്തിന്റെ പരിഗണനക്ക് വിഷയം എത്തിയില്ലെന്ന് തെളിയിക്കുന്നതാണ് യോഗത്തിന്റെ അജണ്ട പുറത്തുവന്നപ്പോൾ മനസ്സിലാക്കുന്നതെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.